സ്പാനിഷ് ലീഗ്: നാലടിച്ച് ക്രിസ്റ്റിയാനോ; ഏഴടിച്ച് റയല്‍

മാഡ്രിഡ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍ത്താടിയപ്പോള്‍ സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് ഉജ്ജ്വല ജയം.
28ാം റൗണ്ടില്‍ സീസണില്‍ മികച്ച ഫോമിലുള്ള സെല്‍റ്റാവിഗോയെയാണ് റയല്‍ ഗോള്‍മഴയില്‍ മുക്കിയത്.
ഹാട്രിക്കുള്‍പ്പെടെ നാലു ഗോളുകളുമായി ക്രിസ്റ്റിയാനോ പടനയിച്ചപ്പോള്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് റയലിന് മുന്നില്‍ സെല്‍റ്റ തരിപ്പണമാവുകയായിരുന്നു.
ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവില്‍ ക്രിസ്റ്റിയാനോയുടെയും റയലിന്റേയും ആക്രമണാത്മക ഫുട്‌ബോളിന് മുന്നില്‍ സെല്‍റ്റയ്ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സാധിച്ചുള്ളൂ. കളിയുടെ ഒന്നാം പകുതിയില്‍ ഒരു ഗോള്‍ മാത്രം നേടിയ റയല്‍ രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോയിലൂടെ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.
50, 58, 64, 76 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ സെല്‍റ്റയുടെ വലകുലുക്കിയത്. പരിക്കിനെ തുടര്‍ന്ന് ഒരു ഇടവേളയ്ക്കു ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ഗരെത് ബേലും (81ാം മിനിറ്റ്) റയലിനു വേണ്ടി വലകുലുക്കി. പെപെയും (41ാം മിനിറ്റ്) ജെസ്സെയുമാണ് (77) റയലിന്റെ മറ്റു സ്‌കോറര്‍മാര്‍.
സീസണില്‍ ക്രിസ്റ്റിയാനോയുടെ അഞ്ചാം ഹാട്രിക്കും കരിയറിലെ 39ാമത്തേതുമാണ് സെല്‍റ്റയ്‌ക്കെതിരേയുള്ളത്. സ്പാനിഷ് ലീഗില്‍ 250 ഗോളുകള്‍ പിന്നിടുന്ന മൂന്നാമത്തെ താരമെന്ന ഖ്യാതിയും ക്രിസ്റ്റ്യാനോ ഇതോടെ സ്വന്തമാക്കി.
305 ഗോളുകളുമായി മെസ്സിയാണ് സ്പാനിഷ് ലീഗിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 252 ഗോളോടെ ക്രിസ്റ്റിയാനോ രണ്ടാം സ്ഥാനത്താണ്. റയല്‍ ജഴ്‌സിയില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേട്ടം 352 ആയി ഉയരുകയും ചെയ്തു.
സെല്‍റ്റയ്‌ക്കെതിരായ ഗോള്‍ നേട്ടത്തോടെ സീസണിലെ ഗോള്‍ വേട്ടയില്‍ ക്രിസ്റ്റിയാനോ ഒന്നാം സ്ഥാനത്തേക്ക് കയറി. ബാഴ്‌സലോണയുടെ ഉറുഗ്വേ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിനെയാണ് ക്രിസ്റ്റിയാനോ കഴിഞ്ഞ ദിവസം മറികടന്നത്.
28 മല്‍സരങ്ങളില്‍ നിന്ന് 27 ഗോളുകളുമായാണ് ക്രിസ്റ്റിയാനോ ഗോള്‍ വേട്ടയില്‍ നിലവില്‍ തലപ്പത്ത് നില്‍ക്കുന്നത്. 26 മല്‍സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് സൂവാറസ് ഇതുവരെ ലീഗില്‍ ബാഴ്‌സയ്ക്കായി നേടിയത്. ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് 19 ഗോളുകളുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ലാസ് പാല്‍മസ് 1-0ന് വിയ്യാറയലിനെ മറികടന്നപ്പോള്‍ ഗെറ്റാഫെയെ 1-1ന് സെവിയ്യയും ഡിപോര്‍ട്ടീവോയെ 3-3ന് മാലഗയും സമനിലയില്‍ തളച്ചു.
28 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റോടെ ലീഗില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. റയലിനേക്കാള്‍ ഒരു മല്‍സരം കുറച്ചു കളിച്ച ബാഴ്‌സലോണ 69 പോയിന്റോടെ ഒന്നാമതും 61 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it