Flash News

സ്പാനിഷ് ലീഗില്‍ എട്ടു ഗോളുമായി ബാഴ്‌സ വിജയപാതയില്‍; സുവാരസിന് 4

സ്പാനിഷ് ലീഗില്‍ എട്ടു ഗോളുമായി ബാഴ്‌സ വിജയപാതയില്‍; സുവാരസിന്  4
X
barzalona

[related]

മാഡ്രിഡ്:  ഹാട്രിക്ക് തോല്‍വിക്കു ശേഷം സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയുടെ ഗംഭീര തിരിച്ചുവരവ്. സ്പാനിഷ് ലീഗിലെ 34ാം റൗണ്ട് മല്‍സരത്തിലാണ് ബാഴ്‌സ തോല്‍വി കഥയ്ക്ക് അറുതിയിട്ടത്.
ഡിപോര്‍ട്ടീവോ ലാ കൊരുണയോടാണ് ബാഴ്‌സ തുടര്‍ തോല്‍വികളുടെ കലി തീര്‍ത്തത്. എവേ മല്‍സരത്തില്‍ എതിരില്ലാത്ത എട്ടു ഗോളുകള്‍ ഡിപോര്‍ട്ടീവോയുടെ ഗോള്‍ പോസ്റ്റിലേക്ക് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ബാഴ്‌സ അടിച്ചുകയറ്റുകയായിരുന്നു.
ഹാട്രിക്കടക്കം നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസാണ് ബാഴ്‌സയുടെ ഹീറോ. സുവാറസിനു പുറമേ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും ബാഴ്‌സ ഗോള്‍ നേട്ടത്തില്‍ പങ്കാളിയായി. ഇരുവരും ഓരോ ഗോള്‍ വീതമാണ് നേടിയത്.
കൂടാതെ ഇവാന്‍ റാക്റ്റിക്ക്, മാര്‍ക് ബാര്‍ട്ട്രാ എന്നിവരും ബാഴ്‌സ ഗോള്‍ പട്ടികയില്‍ ഓരോ തവണ പേരെഴുതി ചേര്‍ത്തു.
ലീഗില്‍ തുടര്‍ച്ചയായ രണ്ടു തോല്‍വിക്കു ശേഷം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. നേരത്തെ റയല്‍ സോസിഡാഡ്, വലന്‍സിയ എന്നിവരോട് സ്പാനിഷ് ലീഗിലും യുവേഫ ചാംപ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിനോടും ബാഴ്‌സ തോല്‍വി വഴങ്ങിയിരുന്നു.
ബാഴ്‌സയെ കൂടാതെ കിരീടപ്പോരാട്ടത്തില്‍ തൊട്ടുപിന്നിലുള്ള റയല്‍ മാഡ്രിഡും അത്‌ലറ്റികോയും 34ാം റൗണ്ട് മല്‍സരങ്ങളില്‍ വെന്നിക്കൊടി നാട്ടി. ഹോംഗ്രൗണ്ടില്‍ റയല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വിയ്യാറയലിനെ തോല്‍പ്പിച്ചപ്പോള്‍ എവേ മല്‍സരത്തില്‍ അത്‌ലറ്റികോ മറുപടിയില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക് ബില്‍ബാവോയെ മറികടക്കുകയായിരുന്നു.
ഇതോടെ സ്പാനിഷ് ലീഗ് കിരീടപ്പോര് ആന്റി ക്ലൈമാക്‌സിലേക്ക് നീങ്ങുമെന്നുറപ്പായി. സീസണില്‍ മൂന്നു ടീമുകള്‍ക്കും ഇനി നാലു മല്‍സരങ്ങള്‍ വീതമാണ് ശേഷിക്കുന്നത്. ലീഗില്‍ ഒന്നാമതുള്ള ബാഴ്‌സയ്ക്കും രണ്ടാമതുള്ള അത്‌ലറ്റികോയ്ക്കും 79 പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ ശരാശരിയാണ് അത്‌ലറ്റികോയെ മറികടന്ന് ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിക്കുന്നത്. ഇരു ടീമിനേക്കാളും ഒരു പോയിന്റ് കുറവുള്ള റയല്‍ മൂന്നാം സ്ഥാനത്തുണ്ട്.
ലീഗിലെ ഒന്നാംസ്ഥാനം കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമായിരുന്ന ബാഴ്‌സ ഡിപോര്‍ട്ടീവോയ്‌ക്കെതിരേ ആധികാരിക പ്രകടനം തന്നെ പുറത്തെടുക്കുകയായിരുന്നു. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സ എതിരാളികള്‍ക്ക് ഒരു പഴുതും നല്‍കിയില്ല. ഗോളിനായി 10 തവണ നിറയൊഴിച്ച ബാഴ്‌സ അതില്‍ എട്ടും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
കളിയുടെ 11, 24, 53, 64 മിനിറ്റുകളിലാണ് സുവാറസ് ബാഴ്‌സയ്ക്കു വേണ്ടി വലകുലുക്കിയത്. ഇതോടെ സീസണില്‍ വ്യത്യസ്ഥ ടൂര്‍ണമെന്റുകളിലായി ബാഴ്‌സയ്ക്കു വേണ്ടി താരത്തിന്റെ ഗോള്‍ സമ്പാദ്യം 49 ആയി ഉയര്‍ന്നു.
അതേസമയം, കരീം ബെന്‍സെമ, ലുകാസ്, ലുക മോഡ്രിച്ച് എന്നിവരുടെ ഗോളുകളാണ് വിയ്യാറയലിനെതിരേ റയലിന് മികച്ച ജയം നേടിക്കൊടുത്തത്. മല്‍സരം അവസാനിക്കുന്നതിനു മുമ്പ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്‍തുട ഞരമ്പിന് പരിക്കേറ്റു.
എന്നാല്‍, താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കോച്ച് സിനദിന്‍ സിദാന്‍ പറഞ്ഞു. 38ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ് നേടിയ ഗോളിലൂടെയാണ് അത്‌ലറ്റികോയ്‌ക്കെതിരേ ബില്‍ബാവോ ജയിച്ചുകയറിയത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ വലന്‍സിയ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഐബറിനെയും സ്‌പോര്‍ട്ടിങ് ഗിജോണ്‍ 2-1ന് സെവിയ്യയെയും പരാജയപ്പെടുത്തിയപ്പോള്‍ മാലഗ-റയോ വല്ലെക്കാനോ മല്‍സരം 1-1ന് പിരിഞ്ഞു.

barnalona
Next Story

RELATED STORIES

Share it