സ്പര്‍ധയും ചില ചോദ്യങ്ങളും

ഹര്‍ഷ് മന്ദര്‍

2015ലെ വെനീസ് ചലച്ചിത്രോല്‍സവത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മാനവിക ബോധമുള്ള മൂന്നു രാഷ്ട്രീയ ചിത്രങ്ങളാണ് എന്നെ ഏറ്റവുമധികം ഇളക്കിമറിച്ചത്: ഒന്ന്, ഇസ്രായേലിലെ മതതീവ്രവാദത്തിന്റെ ഉയര്‍ച്ച ചിത്രീകരിക്കുന്ന സിനിമ. രണ്ടാമത്തേത് ആഫ്രിക്കയിലെ ആഭ്യന്തരയുദ്ധങ്ങളിലെ മൃഗീയമായ രക്തച്ചൊരിച്ചിലിന്റെ കഥ പറയുന്ന ചിത്രം. മൂന്നാമത്തേത് നേപ്പാളിലെ മാവോവാദ കലാപങ്ങളില്‍ മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കഥ പറയുന്ന മറ്റൊരു പടം.
1995 നവംബര്‍ 4ന് ഇസ്രായേലി പ്രധാനമന്ത്രി യിത്‌സാക്ക് റബിന്‍ കൊല്ലപ്പെട്ടതിന്റെ തെളിവുകള്‍ പരിശോധിക്കുന്ന ചിത്രമാണ് അമോസ് ഗിറ്റായിയുടെ റബിന്‍: ദി ലാസ്റ്റ് ഡേ. 1994ല്‍ ഓസ്‌ലോ ഉടമ്പടിയില്‍ ഒപ്പുവയ്ക്കാനുള്ള മഹത്തായ രാഷ്ട്രീയ ധീരത കാണിച്ച ആളാണ് റബിന്‍. ഈ ഉടമ്പടിയനുസരിച്ചാണ് ഫലസ്തീനിയന്‍ നാഷനല്‍ അതോറിറ്റി സൃഷ്ടിക്കപ്പെട്ടതും ഗസ സ്ട്രിപ്പിന്റെയും വെസ്റ്റ്ബാങ്കിന്റെയും ചില ഭാഗങ്ങളുടെ മേല്‍ ഫലസ്തീനികള്‍ക്ക് ഭാഗികമായ നിയന്ത്രണം അനുവദിച്ചുകിട്ടിയതും. അതിനും ഒരു കൊല്ലം മുമ്പ് അറഫാത്ത് അക്രമങ്ങളെ തള്ളിപ്പറയുകയും റബിന്‍ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അംഗീകരിക്കുകയും ചെയ്തിരുന്നു.
റബിന്റെ രാഷ്ട്രതന്ത്രജ്ഞത അദ്ദേഹത്തിന് അന്താരാഷ്ട്രതലത്തില്‍ ബഹുമാന്യത ഉണ്ടാക്കിക്കൊടുത്തു. 1994ലെ സമാധാനത്തിനുള്ള നൊേബല്‍ സമ്മാനം അദ്ദേഹത്തിനു (യാസിര്‍ അറഫാത്തിനോടും ഷിമോണ്‍ പെരസിനോടുമൊപ്പം) ലഭിച്ചു. അതോടൊപ്പം സമാധാനം ആഗ്രഹിക്കുന്ന നിരവധി ഇസ്രായേലികളുടെ ആദരവും അഭിനന്ദനവും അദ്ദേഹത്തിനു കിട്ടി. എന്നാല്‍  ഭൂമി ശത്രുവിനു വിട്ടുകൊടുക്കാനുള്ള തീരുമാനത്തില്‍ കുറേയേറെ ഇസ്രായേലികള്‍ കുപിതരായിരുന്നു. ഗിറ്റായിയുടെ സിനിമ വിവരണസ്വഭാവമുള്ള വാര്‍ത്താചിത്രങ്ങളും നാടകീയമായ ആഖ്യാനങ്ങളും കൂട്ടിച്ചേര്‍ത്തു നിര്‍മിച്ചതാണ്. മതതീവ്രവാദികളായ റബ്ബിമാരും അവരുടെ അനുയായികളും പരിപോഷിപ്പിക്കുന്ന സ്പര്‍ധയുടെ വ്യവസ്ഥാപിത കാലാവസ്ഥയെക്കുറിച്ചുള്ള ചിത്രമാണത്.
മുന്‍ നിയമ വിദ്യാര്‍ഥിയായ യിഗാല്‍ അമീറിനെ ചിത്രത്തില്‍ നാം കാണുന്നു. റബിന്റെ ജീവനെടുത്ത വെടിയുണ്ട ഉതിര്‍ത്തതില്‍ അയാള്‍ക്ക് യാതൊരു പശ്ചാത്താപവുമില്ല. പരിശോധനാ സമിതി അയാള്‍ കുറ്റക്കാരനാണെന്നു വിധിച്ചു. പക്ഷേ, സംവിധായകനായ ഗിറ്റായി റബിനെ ശപിക്കുകയും അദ്ദേഹത്തിന്റെ മരണത്തിനു വേണ്ടി മുറവിളികൂട്ടുകയും ചെയ്യുന്ന, റബ്ബിമാര്‍ ഊട്ടിവളര്‍ത്തുന്ന മതഭ്രാന്തിന്റെയും തീവ്രവാദത്തിന്റെയും രോഷത്തിന്റെയും വെറുപ്പിന്റെയും കാലാവസ്ഥ ചോര ഉറഞ്ഞുപോകുന്ന തരത്തില്‍ പുനഃസൃഷ്ടിക്കുന്നു. പരസ്യമായി അക്രമങ്ങള്‍ കുത്തിയിളക്കുന്ന ഭ്രാന്തമായ പ്രകടനങ്ങളും, ആവേശജീവികളും മതയാഥാസ്ഥിതികരുമായ ഇസ്രായേലി നിവാസികളും സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഘടകങ്ങള്‍ ഇപ്പോഴും ഇസ്രായേലിലെ ജനകീയ രാഷ്ട്രീയ ചര്‍ച്ചകളെ സ്വാധീനിക്കുന്നു എന്നതാണ് ഈ മേഖലയുടെയും ലോകത്തിന്റെ തന്നെയും ദുരന്തം.
1948ലെ മഹാത്മാഗാന്ധി വധത്തില്‍ നാഥുറാം ഗോഡ്‌സെ കുറ്റക്കാരനാണോ എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയി. അമീറിനെപ്പോലെ ഗോഡ്‌സെയും കുറ്റം ചെയ്യാന്‍ നിയുക്തനായ വ്യക്തി എന്ന നിലയിലാണ് അന്തിമമായി വിലയിരുത്തപ്പെടുന്നത്. ഗോഡ്‌സെയുടെ കൈയില്‍ തോക്കു കൊടുത്തുവിട്ടത് വെറുപ്പും ഉന്മാദവുമാണ്. ഈ വെറുപ്പും ഉന്മാദവും ഊട്ടിവളര്‍ത്തിയ രാഷ്ട്രീയ സ്വയംസേവക് സംഘവും ഹിന്ദു മഹാസഭയും കുറ്റവിമുക്തമാക്കപ്പെട്ടു. ഈ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള അന്യമതവിദ്വേഷത്തിന്റെയും മതതീവ്രവാദത്തിന്റെയും അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രതിധ്വനികള്‍ ഇന്ന് ഇന്ത്യയിലെ പൊതുസംവാദങ്ങളില്‍ മുഴങ്ങുന്നുമുണ്ട്.
2005ല്‍ പുറത്തിറങ്ങിയ ഉസോഡിന്‍മാ ഇവിയേലായുടെ നോവലാണ് ബീസ്റ്റ്‌സ് ഓഫ് നോ നാഷന്‍. പേരില്ലാത്ത ഒരു ആഫ്രിക്കന്‍ രാജ്യത്ത് നടക്കുന്ന ആഭ്യന്തരയുദ്ധത്തിനു വേണ്ടി നിയുക്തനായ കുട്ടിപ്പട്ടാളക്കാരന്റെ ഹൃദയഭേദകമായ കഥയാണ് ഈ നോവലിലേത്. ഈ കഥയുടെ വേദനാജനകമാംവണ്ണം മനോഹരമായ രൂപമാറ്റമാണ് ഞാന്‍ രണ്ടാമതായി എണ്ണിയ കാരി ജോഗിഫുക്കുനാഗയുടെ സിനിമ. ഈ സിനിമയില്‍ യുദ്ധകാലത്ത് തന്റെ കുടുംബത്തില്‍ വളര്‍ന്നു വലുതായ അഗു എന്ന കുട്ടിയുടെ വേഷം അഭിനയിച്ച അബ്രഹാം അറ്റാ എന്ന കൗമാരക്കാരനു വെനീസ് ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല യുവനടനുള്ള പുരസ്‌കാരം ലഭിച്ചു. അഗുവിന്റെ അമ്മയും ഇളയ സഹോദരന്മാരും അഭയാര്‍ഥി ക്യാംപിലേക്ക് താമസം മാറ്റേണ്ടിവരുന്നു. അച്ഛനും മൂത്ത സഹോദരനും കലാപകാരികളാല്‍ കൊല്ലപ്പെട്ടവരാണ്. അഗു മാത്രം കാട്ടില്‍ ബാക്കിയായി. അവനെ ഒരു എതിര്‍സായുധസംഘം പിടികൂടുകയും കുട്ടിപ്പട്ടാളക്കാരനാക്കുകയും ചെയ്യുന്നു.
യാതൊരു മനസ്താപവുമില്ലാതെ ആളുകളെ മൃഗീയമായി കൊല്ലാന്‍ തയ്യാറാവുന്ന അവസ്ഥയിലേക്ക് ആ കുട്ടി മാറുന്നതിന്റെ ആഖ്യാനം വളരെ ഹൃദയഭേദകമായാണ് ചിത്രത്തില്‍ നിര്‍വഹിച്ചിട്ടുള്ളത്. അതിവൈകാരികതയുടെ സ്പര്‍ശം തെല്ലുമില്ല. ചിലപ്പോഴൊക്കെ നമുക്ക് താങ്ങാനാവുന്നതിനേക്കാള്‍ കടുത്തതാണ്. കഥ അവസാനിക്കുന്നത് അന്തിമമായി കാര്യങ്ങള്‍ നേരെയാവും എന്ന പ്രത്യാശയിലാണ്. അത്തരം കുട്ടികള്‍ക്കു പിന്നീടൊരവസരം കിട്ടാറില്ലയെങ്കില്‍ പോലും. ഈ ഭൂഗോളത്തില്‍ നാം ഉണ്ടാക്കിവയ്ക്കുന്ന യുദ്ധങ്ങളുടെ ഭാരം താങ്ങുന്നത് കുട്ടികളാണെന്ന് ലോകത്തെ സമുചിതമായ രീതിയില്‍ ഓര്‍മിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്.
ആഭ്യന്തരയുദ്ധത്തില്‍ അകപ്പെട്ടുപോയ കുട്ടികളെക്കുറിച്ചുള്ള മറ്റൊരു ചിത്രമാണ് മൂന്നാമതായി ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. നേപ്പാളില്‍ നിന്നുള്ള ഒരു സിനിമ. ലോകത്തിന്റെ വ്യത്യസ്തമായ മൂലയാണ് നമ്മുടെ അയല്‍പ്രദേശമായ നേപ്പാള്‍. കാലോ പാത്തി (കറുത്ത പിടക്കോഴി) മിന്‍ ബഹദൂര്‍ ബാമിന്റെ പ്രഥമ ചിത്രമാണ്. വെനീസില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച മുഴുനീള നേപ്പാളി ചിത്രമാണിത്. അത് ഏറ്റവും നല്ല ചിത്രത്തിനുള്ള വിലപ്പെട്ട ഇന്റര്‍നാഷനല്‍ ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. ഒരു തലത്തില്‍ നിന്നുകൊണ്ട് നോക്കിയാല്‍, മനോഹരമായ ഈ ചിത്രം വിദൂരമായ ഒരു മലമ്പ്രദേശ ഗ്രാമത്തില്‍ കഴിഞ്ഞുകൂടുന്ന രണ്ടു കുട്ടികളുടെ സൗഹൃദത്തിന്റെയും തങ്ങളുടെ പ്രിയപ്പെട്ട പിടക്കോഴിയെ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങളുടെയും കഥയാണ്.
ഒരു കുട്ടി ദലിതനാണ്. മറ്റേയാള്‍ ഉയര്‍ന്ന ജാതിക്കാരനായ ഗ്രാമത്തലവന്റെ മകനും. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി രാജ്യത്തെ കീറിമുറിച്ചുകൊണ്ടിരിക്കുന്ന മാവോവാദ കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് കഥയുടെ ചുരുളഴിയുന്നത്. ചിത്രത്തിന്റെ ഭാവം വളരെ സൗമ്യമാണെങ്കിലും ഗറില്ലാ പ്രസ്ഥാനത്തെയും രാഷ്ട്രീയമായ അക്രമങ്ങളെയും അപ്രതീക്ഷിതമായ തരത്തില്‍ അത് ശക്തമായി കുറ്റപ്പെടുത്തുന്നു.
മേളയില്‍ നിരവധി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അവയുടെ പ്രമേയങ്ങള്‍ പ്രണയം, ഏകാന്തത, കാത്തിരിപ്പ്, ലൈംഗികത, യൗവനം, വാര്‍ധക്യം എന്നിങ്ങനെ പലതായി പരന്നുകിടക്കുന്നു. പക്ഷേ, ഇത്തവണ എന്റെ ആത്മാവില്‍ ഏറ്റവുമധികം പിടിമുറുക്കിയത് ലോകത്ത് ഇന്ന് ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്ന സ്പര്‍ധയുടെയും ഹിംസയുടെയും രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന ചിത്രങ്ങളാണ്.
Next Story

RELATED STORIES

Share it