Kerala

സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് ആര്‍എസ്എസ്; മുന്നണി പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി

സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് ആര്‍എസ്എസ്; മുന്നണി പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി
X
bjp-kerala























എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനിടെ ബിജെപിയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങള്‍ക്കു തുടക്കമായി. ആര്‍എസ്എസ് പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുത്താണു സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. ആര്‍എസ്എസ് വിഭാഗ് പ്രമുഖിന്റെ അംഗീകാരം തേടിയശേഷമാവും സ്ഥാനാര്‍ഥിപ്പട്ടിക സംസ്ഥാനസമിതിക്കു കൈമാറുക.
ആര്‍എസ്എസ് തന്നെയാവും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ചുക്കാന്‍ പിടിക്കുക. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസുമായുള്ള രാഷ്ട്രീയ സഖ്യ നീക്കം പരാജയപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഒപ്പംനിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാനുള്ള പുതിയ നീക്കം കേരള കോണ്‍ഗ്രസ്സില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ നിഷ്പ്രഭമായ അവസ്ഥയിലുമാണ്. ഇടതു-വലതു മുന്നണികളുമായി വെള്ളാപ്പള്ളി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതും ബിജെപി-ബിജെഡിഎസ് സഖ്യനീക്കം തകര്‍ത്തു. ബിജെഡിഎസുമായി ചേര്‍ന്ന് തെക്കന്‍ കേരളത്തിലും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചേര്‍ന്ന് മധ്യതിരുവിതാംകൂറിലും തിരഞ്ഞെടുപ്പു വിജയം നേടാമെന്ന പ്രതീക്ഷയ്ക്കാണു മങ്ങലേറ്റത്.
ഹിന്ദുത്വ താല്‍പര്യങ്ങളുടെ ശക്തമായ കേഡറെന്ന് പേരെടുത്ത കുമ്മനം രാജശേഖരന്‍ അധികാരമേറ്റെടുത്തിട്ടും പാര്‍ട്ടിക്കുള്ളില്‍ കാര്യമായ ചലനങ്ങളൊന്നും ഉണ്ടായിട്ടില്ല. നേതൃത്വത്തിന്റെ അനുമതിയില്ലാതെ പാര്‍ട്ടി പരിപാടിയില്‍ മുന്‍ നേതാവ് പി പി മുകുന്ദനെ പങ്കെടുപ്പിച്ചതും വിമോചനയാത്ര സമാപനത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതും ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ക്കു കാരണമായിട്ടുണ്ട്. കുമ്മനം നേതൃത്വമേറ്റെടുത്തശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റി കടുത്ത ആര്‍എസ്എസ് ആഭിമുഖ്യമുള്ളവരെ നിയമിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്നും ഒരുവിഭാഗം ഭയപ്പെടുന്നു.
ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് കുമ്മനത്തിന്റെ അധ്യക്ഷസ്ഥാനത്തിന് മുന്‍കൈയെടുത്തത്. കേരളത്തിലെ പിന്നാക്ക ഹിന്ദുവിഭാഗങ്ങളെ കൂട്ടുപിടിച്ച് വിമോചനയാത്രയുടെ തന്ത്രമൊരുക്കിയതും ബിജെപി മുന്നണിയിലേക്ക് കെ എം മാണിയെ പരസ്യമായി ക്ഷണിച്ച് കുമ്മനം രംഗത്തെത്തിയതും അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ്.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ പ്രമുഖര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.
നേമം, കഴക്കൂട്ടം, കാട്ടാക്കട, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളിലാവും തലസ്ഥാന ജില്ലയില്‍ ബിജെപി ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കുക. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ തലസ്ഥാനത്തുനിന്ന് ജനവിധി തേടും. ചലച്ചിത്രനടന്‍ സുരേഷ് ഗോപിയുടെ പേരും ഉയരുന്നുണ്ട്. കൂടാതെ ഒ രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരും മല്‍സരരംഗത്തുണ്ടാവും. മുന്‍നിര നേതാക്കള്‍ മല്‍സരിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കുമ്മനവും മല്‍സരിക്കും.
Next Story

RELATED STORIES

Share it