സ്ഥാനാര്‍ഥി നിര്‍ണയം: ബിജെപിക്ക് 16 അംഗ കമ്മിറ്റി

നെടുമ്പാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ 16 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ നിന്നുള്ള ഒരംഗവും ജില്ലാ ചുമതലയുള്ള സംസ്ഥാന ഭാരവാഹിയും ജില്ലാ പ്രസിഡന്റും അടങ്ങുന്ന സംഘം മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദേശം സ്വീകരിക്കും. ഇത് പരിശോധിച്ച ശേഷം കേന്ദ്ര കമ്മിറ്റിക്ക് സമര്‍പ്പിക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഓഫിസ് ഫെബ്രുവരി 18ന് തിരുവനന്തപുരം പിഎംജി ജങ്ഷനില്‍ തുറക്കും. ഫെബ്രുവരി 20നകം മണ്ഡലം പുനസ്സംഘടനയും 28നകം ജില്ലാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയും നിലവില്‍ വരും. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍ക്കായി ഫെബ്രുവരി 22ന് കോഴിക്കോട്, 23ന് എറണാകുളം, 25ന് തിരുവനന്തപുരം എന്നിവിടങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിക്കും.
മാര്‍ച്ച് ആറ് മുതല്‍ 13 വരെ ഭവന സന്ദര്‍ശനം സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് നയരേഖയുമായിട്ടായിരിക്കും ഭവന സന്ദര്‍ശനം. ബിജെപി വിട്ടുപോയ പി പി മുകുന്ദന്‍, കെ രാമന്‍പിള്ള എന്നിവരെ തിരഞ്ഞെടുപ്പിന് മുമ്പ് മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്നലെ നടന്ന യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു. ഇരുവരെയും മടക്കിക്കൊണ്ടുവരണമെന്ന ആവശ്യത്തെ ഒരു വിഭാഗം എതിര്‍ത്തെങ്കിലും കേന്ദ്ര നേതൃത്വം ഇവര്‍ മടങ്ങിവരുന്നതിനെ അനുകൂലിക്കുന്നതായാണ് വിവരം. മുകുന്ദനും രാമന്‍പിള്ളയുമായും സംസാരിക്കാന്‍ കുമ്മനം രാജശേഖരനെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഇരുമുന്നണികളിലെയും കക്ഷികള്‍ എന്‍ഡിഎയിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും യോഗം വിലയിരുത്തി. കേന്ദ്രമന്ത്രി ജെ പി നദ്ദ, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച് ഡി രാജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുകുന്ദനും രാമന്‍പിള്ളയുമാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it