Kottayam Local

സ്ഥാനാര്‍ഥി നിര്‍ണയം: പൂഞ്ഞാറിലെ പ്രതിസന്ധി മറികടക്കാന്‍ പിണറായി ഈരാറ്റുപേട്ടയില്‍

ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഈരാറ്റുപേട്ടയിലെത്തി.
പാര്‍ട്ടി ഭാരവാഹികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയതായാണറിവ്. പ്രചരണത്തില്‍ ഇടതു സ്ഥാനാര്‍ഥി പി സി ജോസഫ് പിന്നോട്ടു പോയതും. യോഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ അഭാവവുമാണ് പിണറായിയുടെ വരവിനു പിന്നിലെന്നു പ്രചാരണമുണ്ട്. വി എസിനു പിന്തുണ പ്രഖ്യാപിച്ചും വി എസിന്റെ ചിത്രം ഉപയോഗിച്ച് ജോര്‍ജ് പ്രചാരണം നടത്തുന്നതും പിണറായിയുടെ വരവിനു കാരണമായിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. പാര്‍ട്ടി ജില്ല, ഏരിയ, ലോക്കല്‍ ഭാരവാഹികളെയും പോഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി.
യോഗത്തില്‍ പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായും പറയുന്നു. ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും ഈരാറ്റുപേട്ടയിലെത്തി പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ 10.30ന് ഈരാറ്റുപേട്ടയിലെ പൂഞ്ഞാര്‍ ഏരിയാ കമ്മിറ്റി ഓഫിസിലെത്തിയ പിണറായി വിജയനെ ഏരിയാ സെക്രട്ടറി കെ ആര്‍ ശശിധരന്‍, നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും ഇടതുമുന്നണിയും ഇപ്പോഴത്തെ ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജുമായി സഖ്യത്തിലായിരുന്നു. അന്ന് ഉടലെടുത്ത സൗഹൃദം പാര്‍ട്ടി ഭാരവാഹികളിലും, പ്രവര്‍ത്തകരിലും ഇപ്പോഴും തുടരുന്നുണ്ട്. ഇതാണ് പ്രചാരണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നതിന് കാരണമെന്ന ആരോപണം ശക്തമാണ്.
Next Story

RELATED STORIES

Share it