സ്ഥാനാര്‍ഥി നിര്‍ണയം: തൃശൂര്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി

തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. എ, ഐ ഗ്രൂപ്പുകളുടെ നിര്‍ദേശം തള്ളി സുധീരനെ അനുകൂലിക്കുന്ന വിഭാഗം വടക്കാഞ്ചേരി, പുതുക്കാട് സീറ്റുകള്‍ പിടിച്ചതിലാണ് പ്രതിഷേധം. തൃശൂരില്‍ ടി വി ചന്ദ്രമോഹന്‍, വടക്കാഞ്ചേരിയില്‍ അജിത്കുമാര്‍, ഒല്ലൂരില്‍ ജോസ് വള്ളൂര്‍ എന്നിവരെയായിരുന്നു മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥികളായി നിര്‍ദേശിച്ചത്.
എന്നാല്‍, അന്തിമ പട്ടികയില്‍ ഇവര്‍ ഇടം കണ്ടില്ലെന്ന് മാത്രമല്ല വി എം സുധീരന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന അനില്‍ അക്കരയ്ക്ക് വടക്കാഞ്ചേരി നല്‍കുകയും ചെയ്തു. പുതുക്കാട് സുന്ദരന്‍ കുന്നത്തുള്ളി എത്തിയതും സുധീരന്റെ പിന്തുണയിലാണ്. ഒല്ലൂരില്‍ എം പി വിന്‍സന്റിനെ സ്ഥാനാര്‍ഥിയാക്കരുതെന്നും സി എന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതും തള്ളിയതോടെ ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെന്ന പരാതി ശക്തമായിട്ടുണ്ട്.
വിന്‍സന്റിനെതിരായി സിഎന്‍ നടത്തിയ നീക്കം ഐ ഗ്രൂപ്പിനെ പിളര്‍പ്പിലേക്കെത്തിച്ചിരിക്കുകയാണ്. തന്നെ സിഡിസി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട് സി എന്‍ ബാലകൃഷ്ണന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, എം പി വിന്‍സന്റിന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഈ നീക്കത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. അതിനിടെ ഡിസിസി അധ്യക്ഷസ്ഥാനം വിട്ടുനല്‍കാനാവില്ലെന്ന് പി എ മാധവനെ മുന്‍നിര്‍ത്തി എ ഗ്രൂപ്പും നേതൃത്വത്തെ അറിയിച്ചു.
സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് കൈമാറാനുള്ള നേതൃ തീരുമാനത്തിലും ഇരു ഗ്രൂപ്പുകള്‍ക്കും വിയോജിപ്പുണ്ട്. കൈപ്പമംഗലത്ത് ടി എന്‍ പ്രതാപന്‍ ഒഴിവായതിനെ തുടര്‍ന്ന് ഈ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇവിടെ കെഎസ്‌യു നേതാവ് ശോഭാ സുബിനെ മല്‍സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it