Idukki local

സ്ഥാനാര്‍ഥി ആരായാലും 'ശബ്ദം' റഷീദിന്റെ തന്നെ

തൊടുപുഴ: നാല് പതിറ്റാണ്ട് മുമ്പ് തൊടുപുഴ ടൗണ്‍ ഹാളില്‍ പ്രശസ്ത ചലച്ചിത്രതാരം കൊട്ടാരക്കര ശ്രീധരന്‍നായര്‍ അഭിനയിച്ച മനസ്സേ മാപ്പുതരൂ എന്ന നാടകത്തിനുവേണ്ടിയാണ് റഷീദ് കലയന്താനി ആദ്യമായി അനൗണ്‍സ്‌മെന്റ നടത്തിയത്.
പിന്നീട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ പട്ടണങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥിരം അനൗണ്‍സറായി. 1983ല്‍ കലാനിലയം നാടകവേദി തൊടുപുഴയിലെത്തിയപ്പോള്‍ കലാനിലയത്തിന്റെ അനൗണ്‍സറായിരുന്നു. 10 വര്‍ഷത്തോളം കലാനിലയത്തിന്റെ സ്ഥിരം അനൗണ്‍സറായി പ്രവര്‍ത്തിച്ചതും ഈ രംഗത്ത് പ്രൊഫഷനല്‍ ടച്ച് കൈവരിക്കുന്നതിനു വഴിയൊരുക്കി. കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് മുവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ മണ്ഡലത്തിലുടനീളം കാല്‍നടയായി പ്രചാരണം നടത്തിയിരുന്നു. അന്ന് ഒപ്പം പ്രചരണവുമായി പ്രവര്‍ത്തിച്ചപ്പോള്‍ ജോസഫ് സാര്‍ നല്‍കിയ ചില ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് രാഷ്ട്രീയ അനൗണ്‍സ്‌മെന്റിനു തന്നെ പ്രാപ്തനാക്കിയതെന്ന് റഷീദ് നന്ദിയോടെ ഓര്‍ക്കുന്നു.
സിനിമാതാരം ജഗതി ശ്രീകുമാറിന്റെ മേല്‍നോട്ടത്തില്‍ കലാനിലയം വീണ്ടും സജീവമായപ്പോഴും റഷീദ് തന്നെയായിരുന്നു പ്രധാന അനൗണ്‍സര്‍. സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും അതിലെ ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ശബ്ദം എത്തിക്കാന്‍ കഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായ റഷീദ് ഈ തിരഞ്ഞെടുപ്പിലും തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
ഇടുക്കി, എറണാകുളം, കോട്ടയം, വയനാട് ജില്ലകളിലെ പല സ്ഥാനാര്‍ഥികള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള റഷീദിന്റെ ശബ്ദത്തിലുള്ള ഓഡിയോ സിഡി തയ്യാറായിക്കഴിഞ്ഞു. അനൗണ്‍സ്‌മെന്റ് സിഡികള്‍ ഇ-മെയില്‍ സഹായത്തോടെ കുറഞ്ഞ സമയത്തിനകം എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 9846953577 എന്ന നമ്പറില്‍ വിളിച്ചാല്‍ മണിക്കൂറുകള്‍ക്കകം പ്രചരണത്തിനുള്ള ഓഡിയോ ശബ്ദം എത്തിച്ചുനല്‍കാന്‍ കഴിയുന്നുണ്ടെന്ന് റഷീദ് പറഞ്ഞു.
കുറഞ്ഞ പദപ്രയോഗങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്ന റഷീദിന്റെ ശൈലി ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it