സ്ഥാനാര്‍ഥിപ്പട്ടിക തയ്യാര്‍; സ്ഥാനാര്‍ഥികളെല്ലാം കോണ്‍ഗ്രസ്സുകാര്‍

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: കൊല്ലത്തെ കോണ്‍ഗ്രസ്സുകാരെല്ലാം സ്ഥാനാര്‍ഥികളാണ്. ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ പേരിലും കോര്‍പറേഷനിലേക്കു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇനി ആരൊക്കെ മല്‍സരരംഗത്തുണ്ടാവുമെന്നറിയാന്‍ 17ാം തിയ്യതിവരെ കാത്തിരിക്കണം. ഒന്നിലധികം കോണ്‍ഗ്രസ്സുകാര്‍ പരസ്പരം മല്‍സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എല്ലാ ഡിവിഷനിലും മൂന്നിലധികം കോണ്‍ഗ്രസ്സുകാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എ കെ ഹഫീസിന്റെ ഡിവിഷനിലും രണ്ടു പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന് അനുവദിച്ച സീറ്റിന് പുറമെ മറ്റ് ഡിവിഷനുകളിലും കോണ്‍ഗ്രസ്സുകാര്‍ പത്രിക നല്‍കിയതോടെ ഘടകകക്ഷികളും വെട്ടിലായി. കൊല്ലം കോര്‍പറേഷനിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തുടങ്ങിയതാണ്. വിഷയങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാവണമെന്ന് ഡിസിസി പ്രസിഡന്റ് സത്യശീലന് കെപിസിസി ഇന്നലെ അന്ത്യശാസനം നല്‍കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ചായിരുന്നു  യുഡിഎഫിലെ ആദ്യത്തെ തര്‍ക്കം.

പിന്നീട് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ എ, ഐ വിഭാഗങ്ങള്‍ തമ്മിലായി പ്രശ്‌നങ്ങള്‍. കഴിഞ്ഞതവണ കോണ്‍ഗ്രസ്സിന്റെ 41 സീറ്റില്‍ 30എണ്ണം ഐ ഗ്രൂപ്പിനും 11 എണ്ണം എ ഗ്രൂപ്പിനുമായിരുന്നു. ഇത്തവണ 34 സീറ്റില്‍ 20 സീറ്റ് ഐ ഗ്രൂപ്പിനും 14 എ ഗ്രൂപ്പിനുമാണ്. എന്നാല്‍ എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് ഇരു ഗ്രൂപ്പിനും സീറ്റുകള്‍ തുല്യമായി വീതിക്കണമെന്നു വാശിപിടിച്ചതോടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചര്‍ച്ചകള്‍ കൈയാങ്കളിയുടെ വക്കോളമെത്തി. ഒടുവില്‍ ചൊവ്വാഴ്ച രാത്രിയോടെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വിഷയത്തില്‍ ഇടപെട്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഡിസിസി പ്രസിഡന്റിനെ മാറ്റുമെന്ന നിലപാടു വരെ സുധീരന്‍ എടുത്തു. ഇതോടെ ഇടഞ്ഞുനിന്ന ഡിസിസി പ്രസിഡന്റ് ഇന്നലെ രാവിലെ ബന്ധുവീട്ടില്‍ കോര്‍ കമ്മിറ്റി യോഗം വിളിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ഇക്കാര്യം അറിയിക്കാന്‍ വൈകീട്ട് ഡിസിസി പ്രസിഡന്റ് സത്യശീലന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ, ഷാനവാസ് ഖാന്‍ എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു. ഇതിനിടെ ഐഎന്‍ടിയുസി നേതാവ് സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പുകാര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കി. സ്ഥാനാര്‍ഥിനിര്‍ണയ കമ്മിറ്റി അംഗമായ തന്നെ അറിയിക്കാതെ പട്ടിക തയ്യാറാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സുരേഷ് ബാബുവിന്റെ നിലപാട്.
Next Story

RELATED STORIES

Share it