സ്ഥാനാര്‍ഥിപ്പട്ടികയെ ചൊല്ലി ലീഗില്‍ അതൃപ്തി പുകയുന്നു

സമീര്‍ കല്ലായി

മലപ്പുറം: സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി മുസ്‌ലിംലീഗില്‍ അതൃപ്തി പുകയുന്നു. മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എസ്ടിയു, ദലിത് ലീഗ്, വനിതാ ലീഗ്, പ്രവാസി ലീഗ് എന്നിവയില്‍നിന്ന് സംസ്ഥാന ഭാരവാഹികളാരും പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. യുവാക്കളെയും വനിതകളെയും തഴഞ്ഞെന്ന് ആരോപണമുണ്ട്. കെഎംസിസി നല്‍കിയ പട്ടികയില്‍നിന്ന് ആരെയും പരിഗണിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ പരാജയപ്പെട്ട നാലു സീറ്റുകളിലേക്ക് യൂത്ത്‌ലീഗ്, ദലിത് ലീഗ് പ്രതിനിധികളെ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും വിജയസാധ്യതയില്ലാത്ത സീറ്റുകളാണിതെന്ന് വിമതസ്വരം ഉയര്‍ത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.
ഗുരുവായൂരില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിയും കുന്ദമംഗലം അല്ലെങ്കില്‍ ബാലുശ്ശേരി യു സി രാമനുമാണ് പരിഗണനയിലുള്ളത്. ഇരവിപുരം സിറ്റിങ് എംഎല്‍എ ആര്‍എസ്പിയിലെ എ എ അസീസിന് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാല്‍ പകരം ചടയമംഗലമോ കരുനാഗപ്പള്ളിയോ ലഭിക്കണമെന്ന് ആവശ്യപ്പെടും. ഇവിടെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്യാംസുന്ദറിനാണ് പരിഗണന. സീറ്റ് പാര്‍ട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ യൂനുസ് കുഞ്ഞിനു നല്‍കണമെന്ന് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുല്ല, പി കെ കെ ബാവ എന്നിവരാണ് പട്ടികയിലുള്ളത്. പകരം നാദാപുരം ലഭിച്ചാല്‍ സൂപ്പി നരിക്കാട്ടേരി സ്ഥാനാര്‍ഥിയാവും.
അതേസമയം പട്ടികയില്‍നിന്നു പുറത്തായ തിരുവമ്പാടി എംഎല്‍എ സി മോയിന്‍കുട്ടി കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചതായി അറിയുന്നു. തന്നേക്കാള്‍ വളരെ ജൂനിയറായ ഉമ്മര്‍ പാണ്ടികശാല പ്രസിഡന്റായ കമ്മിറ്റിയില്‍ സെക്രട്ടറിയാവാന്‍ മോയിന്‍കുട്ടി വൈമനസ്യം പ്രകടിപ്പിക്കുകയാണ്. പഴയ അഖിലേന്ത്യാ ലീഗുകാരെ മാത്രമാണ് കോഴിക്കോട് ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ എം എ റസാഖ് മാസ്റ്ററും പാണ്ടികശാലയും മോയിന്‍കുട്ടിയുമൊക്കെ അഖിലേന്ത്യാ ലീഗുകാരാണ്. വിജയ സാധ്യതയുള്ള സീറ്റില്‍ തഴഞ്ഞതില്‍ യൂത്ത് ലീഗ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി ഈ വികാരം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സീറ്റുകള്‍ മാടമ്പിമാരെപ്പോലെ ചിലര്‍ കൈയടക്കിവച്ചിരിക്കുകയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകരെ ഇവര്‍ നോക്കുകുത്തികളാക്കുകയാണെന്നുമാണ് യൂത്ത് ലീഗിന്റെ പരാതി. സമസ്തയുടെ എതിര്‍പ്പിന്റെ പേരുപറഞ്ഞ് വനിതാ ലീഗിനെ ഒതുക്കുന്നതിലും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന ജന. സെക്രട്ടറി നൂര്‍ബിനാ റഷീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ സീറ്റ് നഷ്ടപ്പെട്ടതിലുള്ള കെ എന്‍ എ ഖാദറിന്റെ വിഷമം ഇനിയും മാറിയിട്ടില്ല. പാര്‍ട്ടിക്കുള്ളിലെ സീറ്റ് മോഹികളുടെ അവകാശവാദം ഉയരാതിരിക്കാനാണ് ലീഗ് പട്ടിക ധൃതിപിടിച്ച് പ്രഖ്യാപിച്ചത്. എന്നാല്‍, സ്ഥാനാര്‍ഥി പട്ടിക ആദ്യം പുറത്തുവിട്ട് തിരഞ്ഞെടുപ്പില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള ലീഗ് തന്ത്രം വിമതസ്വരത്തില്‍ മുങ്ങിപ്പോവുകയാണ്.
Next Story

RELATED STORIES

Share it