Kottayam Local

സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ ഡിസിസി ഓഫിസിലെത്തി വനിതാ പ്രവര്‍ത്തക ബഹളം വച്ചു

കോട്ടയം: ബ്ലോക്ക് ഡിവിഷനില്‍ പാര്‍ട്ടി ടിക്കറ്റ് പ്രതീക്ഷിച്ച് പത്രിക നല്‍കിയ സാറാമ്മക്ക് സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടാന്‍ ഡിസിസി ഓഫിസിലെത്തി ബഹളമുണ്ടാക്കേണ്ടി വന്നു. കോട്ടയം ഏറ്റുമാനൂര്‍ ബ്ലോക്കിലെ കുടമാളൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായിട്ടാണ് സാറാമ്മ ജോണ്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. കോണ്‍ഗ്രസിലാവട്ടെ ത്രിതല പഞ്ചായത്തില്‍ സ്ഥാനാര്‍ഥികളാരാവണമെന്ന കാര്യത്തില്‍ ഇന്നലെ വരെ പരിപൂര്‍ണമായ തീര്‍പ്പുണ്ടായിട്ടില്ലായിരുന്നു.

ഇന്നലെ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സാറാമ്മ ജോണ്‍ പരാതിമായി ഡിസിസി ഓഫിസിലെത്തിയത്. പാര്‍ട്ടി നേതൃത്വത്തിലെ ചിലരുടെ പിന്തുണയോടെ വെറെരു വനിതയും ഇതേ ഡിവിഷനില്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. ഇതോടെ തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ച് കിട്ടാന്‍ പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു സാറാമ്മ. ഇന്നലെ രാവിലെ ഡിസിസി ഓഫിസിന് മുന്നില്‍ എത്തിയ സാറാമ്മ ബഹളം വെക്കുകയും മുദ്രവാക്യം വിളിയുമായി തുടര്‍ന്നു. ഇതോടെ ഡിസിസി നേതൃത്വത്തിന് നിവൃത്തിയില്ലാതെ വഴങ്ങേണ്ടി വന്നു. ബഹളം കൂട്ടിയ സാറാമ്മയെ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ചക്കായി വിളിച്ചു. ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, കെപിസിസി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ്,ഡിസിസി ജനറല്‍ സെക്രട്ടറി ബോബന്‍ തോപ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അടച്ചിട്ട മുറിയില്‍ ഏറെ നേരം ചര്‍ച്ച ചെയ്ത ശേഷമാണ് സാറാമ്മയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. ചര്‍ച്ചക്ക് ശേഷം ശാന്തയായി പുറത്തേക്ക് വന്ന സാറാമ്മ താന്‍ ചിഹ്നമനുവദിച്ച് കിട്ടാനായി പോവുകയാണെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
Next Story

RELATED STORIES

Share it