Pathanamthitta local

സ്ഥാനാര്‍ഥികള്‍ സ്വന്തം മണ്ഡലത്തില്‍ വോട്ടിട്ടു; വോട്ട് ചെയ്യാനാവാതെ എം ടി രമേശ്

പത്തനംതിട്ട: ജില്ലയില്‍ മല്‍സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഒരാളൊഴികെ എല്ലാവര്‍ക്കും സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍ ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശിന് ഇന്നലെ വോട്ടുചെയ്യാനായില്ല. കോഴിക്കോട് മണ്ഡലത്തിലായിരുന്നു എം ടി രമേശിന്റെ വോട്ട്.
അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സുധീറിന് കഴക്കൂട്ടം മണ്ഡലത്തിലും കെ കെ ഷാജുവിന് മാവേലിക്കര മണ്ഡലത്തിലുമായിരുന്നു വോട്ട്. കോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സനല്‍കുമാര്‍ തിരുവല്ല മണ്ഡലത്തില്‍ വോട്ടുരേഖപ്പെടുത്തിയപ്പോള്‍ റാന്നിയിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. ഫൗസീന തക്ബീര്‍ ആറന്മുള മണ്ഡലത്തിലാണ് വോട്ടുരേഖപ്പെടുത്തിയത്.
ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാജോര്‍ജ് രാവിലെ ഏഴരയോടെ തന്നെ പത്തനംതിട്ട ആനപ്പാറ ഗവ. എല്‍പിഎസില്‍ എത്തി വോട്ടു ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായര്‍ ആറന്മുള എഇ ഓഫിസിലെ ബൂത്തിലാണ് വോട്ടു ചെയ്തത്. രാവിലെ വോട്ടുചെയ്തശേഷം സ്ഥാനാര്‍ഥി മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി. എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ശ്രീകാന്ത് എം വള്ളാക്കോടിന് ഉള്ളന്നൂര്‍ എസ്എന്‍ഡിപി എല്‍പിഎസിലായിരുന്നു വോട്ട്. ഉച്ചയ്ക്ക് രണ്ടോടെയാണ് അദ്ദേഹം വോട്ടുരേഖപ്പെടുത്തിയത്.
കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് അടൂര്‍ ടൗണ്‍ ഗവ.എല്‍പി സ്‌കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സനല്‍കുമാര്‍ പൊടിയാടി മംഗളോദയം യുപി സ്‌കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി ഡി അശോക് കുമാര്‍ മൈലപ്ര എസ്എന്‍വി യുപി സ്‌കൂളിലും വോട്ട് ചെയ്തശേഷമാണ് മണ്ഡലപര്യടനം നടത്തിയത്. എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി റിയാഷ് കുമ്മണ്ണൂര്‍ മാവനാല്‍ ജെബിവിഎല്‍പിഎസില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. അടൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജു പടനിലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ വോട്ടുചെയ്ത ശേഷമാണ് മണ്ഡലത്തിലേക്കെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ അടൂര്‍ ടൗണ്‍ ഗവ.എല്‍പി സ്‌കൂളില്‍ കുടുംബസമേതമെത്തിയാണ് വോട്ടു ചെയ്തത്. ബിജെപി സ്ഥാനാര്‍ഥി പി സുധീര്‍ രാവിലെ സ്വന്തം മണ്ഡലമായ കഴക്കൂട്ടത്ത് ചെമ്പഴന്തി മണയ്ക്കല്‍ എല്‍പി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥിയും എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമായ ജ്യോതിഷ് പെരുമ്പുളിക്കല്‍, സ്വന്തം ബൂത്തായ പെരുമ്പുളിക്കല്‍ എന്‍എസ്എസ് എച്ച്എസ്എസില്‍ രാവിലെ 7.15 ഓടെ വോട്ട് ചെയ്തു.
തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസഫ് എം പുതുശേരി കല്ലൂപ്പാറ പുതുശേരി എംജിഡിഎച്ച്എസ്എസില്‍ ഉച്ചയോടെയാണ് വോട്ടു ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി തോമസും എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി അഡ്വ. സിമി എം ജേക്കബും തിരുവല്ല വാരിക്കാട് സെവന്‍ത് ഡേ സ്‌കൂളില്‍ വോട്ടു ചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിക്ക് തുകലശേരി യോഗക്ഷേമ എല്‍പിഎസിലായിരുന്നു വോട്ട്.
റാന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാന്‍ റാന്നി ചെല്ലയ്ക്കാട് സെന്റ് തോമസ് യുപി സ്‌കൂളിലെ 60ാം നമ്പര്‍ ബൂത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജു ഏബ്രഹാം റാന്നി കരിങ്കുറ്റി സെന്റ് തോമസ് യുപി സ്‌കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി കെ പത്മകുമാര്‍ പ്രമാടം കെഎം യുപി സ്‌കൂളിലും എത്തി വോട്ടു രേഖപ്പെടുത്തി.
എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ഡോ. ഫൗസീന തക്ബീര്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍എസ്‌വിഎം യുപിഎസില്‍ വോട്ടുരേഖപ്പെടുത്തി. രാജു ഏബ്രഹാം രാവിലെ തന്നെ വോട്ടു ചെയ്തു. മറിയാമ്മ ചെറിയാന്‍ ബൂത്ത് പര്യടനത്തിനിടയിലാണ് ചെല്ലയ്ക്കാട് സ്‌കൂളിലെത്തിയത്.
Next Story

RELATED STORIES

Share it