സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി ഒരുങ്ങി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുവര്‍ഷംകൂടി ബാക്കിയുണ്ടെങ്കിലും സമാജ്‌വാദി പാര്‍ട്ടി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി 143 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച എസ്പി സ്ഥാനാര്‍ഥികളോട് പ്രചാരണം തുടങ്ങാനും നിര്‍ദേശിച്ചു. കഴിഞ്ഞതവണ പരാജയപ്പെട്ട മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തവണ നേരത്തെ പ്രചാരണം തുടങ്ങുന്നത്. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയായ 143 മണ്ഡലങ്ങളില്‍ 140ലും 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. അടുത്തവര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. കടുത്ത മല്‍സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കു വളരെ നേരത്തെ പ്രചാരണം തുടങ്ങുന്നതിനുവേണ്ടിയാണു നേരത്തെ പട്ടിക പ്രഖ്യാപിച്ചതെന്ന് എസ്പി നേതാവ് ശിപാല്‍ യാദവ് അറിയിച്ചു. ഡല്‍ഹി ജുമാമസ്ജിദ് ഇമാം സയ്യിദ് അഹ്മദ് ബുഖാരിയുടെ മരുമകന്‍ ഉമര്‍ അലിഖാനും സീറ്റ് ലഭിച്ചിട്ടുണ്ട്. പീസ് പാര്‍ട്ടിയുടെ അനീസുര്‍റഹ്മാന്‍ വിജയിച്ച ബിഹാതിലാണ് ഉമര്‍ അലിഖാന്‍ ജനവിധി തേടുക. പട്ടികയില്‍ 50 ഓളം പേര്‍ പുതുമുഖങ്ങളാണ്.143 സ്ഥാനാര്‍ഥികളില്‍ 27 പേര്‍ മുസ്‌ലിംകളും 16 പേര്‍ യാദവ വിഭാഗത്തില്‍നിന്നും 15 പേര്‍ ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. 12 സ്ത്രീകളും ഉള്‍പ്പെടും. 143ല്‍ 21 എണ്ണം സംവരണമണ്ഡലവുമാണ്. മുഴുവന്‍ സ്ഥാനാര്‍ഥിപ്പട്ടികയും പ്രഖ്യാപിക്കുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കൂടാതെ മുലായമിന്റെ നാലു ബന്ധുക്കള്‍കൂടി അതില്‍ ഉള്‍പ്പെടുമെന്നാണു കരുതുന്നത്. മുഖ്യ പ്രതിപക്ഷമായ ബിഎസ്പി നേരത്തെതന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Next Story

RELATED STORIES

Share it