kannur local

സ്ഥാനാര്‍ഥികളുടെ പരാതികളില്‍ മോണിറ്ററിങ് കമ്മിറ്റി റിപോര്‍ട്ട് തേടി

കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ സുരക്ഷ സംബന്ധിച്ച് ജില്ലയില്‍ പലയിടത്തും സ്ഥാനാര്‍ഥികള്‍ക്ക് പരാതി. തലശ്ശേരി, പയ്യന്നൂര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍നിന്നാണ് അധികൃതര്‍ക്ക് പരാതി ലഭിച്ചത്. ജില്ലാ പോലിസ് ചീഫിന് പുറമെ ഡിജിപിക്കും ആഭ്യന്തരമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം ബൂത്തിലിരിക്കാന്‍ ഏജന്റുമാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക, ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സജ്ജീകരിക്കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നത് തടയാനാവശ്യമായ പോലിസിനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവയിലേറെയും. ഇതുസംബന്ധിച്ച് പോലിസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും റിപോര്‍ട്ട് തേടാന്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാ മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചു. റിപോര്‍ട്ട് ലഭിച്ചയുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഒ മുഹമ്മദ് അസ്‌ലം വ്യക്തമാക്കി.
വൈദ്യുതി, വെള്ളം എന്നിവ എല്ലാ ബൂത്തുകളിലും ഉറപ്പാക്കാനാവശ്യമായ ക്രമീകരണങ്ങള്‍ക്കും യോഗം നിര്‍ദേശം നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി, പി കെ ദേവദാസ് (സ്‌പെഷ്യല്‍ ബ്രാഞ്ച്) എന്നിവരും സംബന്ധിച്ചു. അതിനിടെ, വോട്ട് ചെയ്യാനെത്തുന്നവരെ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ പോളിങ് സ്റ്റേഷനില്‍ കയറാന്‍ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്നുള്ള പാസ്ബുക്ക് എന്നിവ തിരിച്ചറിയല്‍ രേഖകളായി സ്വീകരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലിസ് ഓഫിസറായി വിമുക്തഭടന്‍മാരെ നിയോഗിക്കും.
താല്‍പര്യമുള്ളവര്‍ സ്ഥലത്തെ പോലിസ് സ്റ്റേഷനുമായോ സിഎ ഓഫിസുമായോ ഉടന്‍ ബന്ധപ്പെടണമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it