സ്ഥാനമൊഴിഞ്ഞിട്ടും എഡിജിപി വാഹനം തിരിച്ചേല്‍പ്പിച്ചില്ലെന്ന് ആരോപണം

തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും എഡിജിപി ആര്‍ ശ്രീലേഖ ഔദ്യോഗികവാഹനം തിരിച്ചേല്‍പ്പിക്കാന്‍ തയ്യാറായില്ലെന്ന് ആരോപണം. എസ്എടി ആശുപത്രിയിലെ ശിശുരോഗവിഭാഗം വിദഗ്ധനായ, ശ്രീലേഖയുടെ ഭര്‍ത്താവാണു ജോലിക്കുപോവുന്നതിനും വരുന്നതിനും സ്വകാര്യാവശ്യങ്ങള്‍ക്കുമായി കെഎല്‍ 01 ബിസി- 9090 നമ്പറിലുള്ള കാര്‍ ഉപയോഗിച്ചുവരുന്നതെന്നാണ് റിപോര്‍ട്ടുകള്‍. സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പേരിലുള്ള ബോര്‍ഡ് ഇളക്കിമാറ്റിയിട്ടുണ്ട്. പോലിസുദ്യോഗസ്ഥനാണ് വാഹനമോടിക്കുന്നത്. രണ്ടുമാസം മുമ്പാണ് ശ്രീലേഖ അവധിയെടുത്ത് വിദേശത്ത് പരിശീലനത്തിനായി പോയത്. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നവര്‍ അവധിയില്‍ പോയാല്‍ ചുമതലയുള്ളവര്‍ക്കു തിരിച്ചേല്‍പ്പിക്കണമെന്നാണു ചട്ടം. എന്നാല്‍, ടോമിന്‍ ജെ തച്ചങ്കരി ഗതാഗത കമ്മീഷണറായി നിയമിതനായശേഷവും അദ്ദേഹത്തിന് ഔദ്യോഗികവാഹനം തിരികെ നല്‍കാന്‍ ശ്രീലേഖ തയ്യാറായില്ലെന്നാണു വ്യക്തമാവുന്നത്. ഗതാഗത കമ്മീഷണറുടെ ഔദ്യോഗിക ഫോണ്‍നമ്പറുള്ള സിംകാര്‍ഡും ശ്രീലേഖയുടെ പക്കലാണ്. എഡിജിപി അവധിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള ഒരുമാസത്തെ ഉപയോഗത്തിന് 24,923 രൂപയുടെ ബില്ലാണു വന്നിരിക്കുന്നത്. ശ്രീലേഖ ഗതാഗത കമ്മീഷണറായ കാലയളവിലും ഔദ്യോഗികവാഹനം ദുരുപയോഗം ചെയ്തതു വിവാദമായിട്ടുണ്ട്.
Next Story

RELATED STORIES

Share it