സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ട

സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ട
X
supreme court india

കെ എ സലിം

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാര്‍ സര്‍വീസുകളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനു സംവരണം ആവശ്യമില്ലെന്ന് സുപ്രിംകോടതി. പട്ടികജാതി-വര്‍ഗ ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തിനു സംവരണം നല്‍കേണ്ട ഭരണഘടനാ ബാധ്യത സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഇല്ലെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പാന്ത് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
സ്ഥാനക്കയറ്റത്തിനു സംവരണം നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് അതാതു സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്. വിഷയത്തില്‍ പുതിയ നിയമനിര്‍മാണം കൊണ്ടുവരാനോ നയം നടപ്പാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കാനോ കോടതിക്കു കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സര്‍വീസില്‍ പിന്നാക്ക വിഭാഗത്തിന് ഉദ്യോഗക്കയറ്റത്തില്‍ സംവരണമാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
പട്ടികജാതി-വര്‍ഗ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനു സംവരണം അനുവദിക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സുപ്രിംകോടതിയിലെയോ ഹൈക്കോടതിയിലെയോ റിട്ട. ജഡ്ജി അധ്യക്ഷനായ സമിതിയെയോ കമ്മീഷനെയോ നിയമിക്കാന്‍ സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നു ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉദ്യോഗക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നു കോടതി വ്യക്തമാക്കി.
നിയമനിര്‍മാണ സഭകളാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. അവരുടെ അധികാരത്തില്‍ കൈകടത്താനില്ല. ഏതെങ്കിലും അവശവിഭാഗത്തിനു സര്‍ക്കാര്‍ സര്‍വീസുകളില്‍ അര്‍ഹമായ പരിഗണനയോ പ്രാതിനിധ്യമോ വേണമെന്നു സംസ്ഥാന സര്‍ക്കാരിനു തോന്നിയാല്‍ വ്യക്തമായ കണക്കെടുപ്പും പരിശോധനയും നടത്തി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു സംവരണം അനുവദിക്കാം. അങ്ങനെ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് ഭരണഘടനയിലെ 16 (4എ), 4ബി വകുപ്പുകള്‍ അനുവാദംനല്‍കുന്നുണ്ട്.
എന്നാല്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോയെന്നു കണക്കുകള്‍ ശേഖരിച്ച് പരിശോധിക്കണമെന്നു സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്കു കഴിയില്ല. ഉന്നത പദവികളിലെ പട്ടിക വിഭാഗക്കാരുടെ പ്രതിനിധ്യം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടാനും കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, തടവുകാര്‍ എന്നിവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനായി മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കോടതി നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ഇത്തരം വിഭാഗത്തിലെ ഒരു കേസായി ഇതു പരിഗണിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
1955 മുതല്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റ സംവരണം നല്‍കുന്നുണ്ട്. എന്നാല്‍ 1993ലെ മണ്ഡല്‍ കേസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു കേന്ദ്ര സര്‍വീസില്‍ 27 ശതമാനം സംവരണമേര്‍പ്പെടുത്തിയ വി പി സിങ് സര്‍ക്കാരിന്റെ തീരുമാനം സുപ്രിംകോടതി ശരിവച്ചെങ്കിലും പട്ടികവിഭാഗക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന ഉദ്യോഗക്കയറ്റ സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതു മറികടക്കാനാണ് ഭരണഘടനാ ഭേദഗതിയിലൂടെ 16(4എ) എന്ന ഒരു ഉപവകുപ്പ് ഉള്‍പ്പെടുത്തിയത്. ഈ ഭേദഗതിയെ പിന്നീട് സുപ്രിംകോടതിയില്‍ ചോദ്യംചെയ്‌തെങ്കിലും കോടതി തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it