Idukki local

സ്ഥലം കണ്ടെത്താനായില്ല; നെടുങ്കണ്ടം ഐഎച്ച്ആര്‍ഡി കോളജ് അനിശ്ചിതത്വത്തില്‍

തൊടുപുഴ: വര്‍ഷങ്ങളായി നെടുങ്കണ്ടം ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡി കോളജിന് സ്വന്തമായി സ്ഥലം കണ്ടെത്തി നല്‍കാനാവാത്തതിനാല്‍ കോളേജിന്റെ പ്രവര്‍ത്തനം അടച്ചു പൂട്ടലിലേയ്ക്ക്. ഈ മാസം 31 ന് മുമ്പായി സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കോളേജ് നഷ്ടപ്പെടുമെന്ന സ്ഥിതിയാണുള്ളത്.
മുന്‍ പഞ്ചായത്ത് ഭരണ സമിതി ടൗണ്‍ കേന്ദ്രീകരിച്ച് കോളേജിന് സ്ഥലം വാങ്ങുന്നതിന് മുപ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നതാണ്. എന്നാല്‍ കോളേജിനുള്ള സ്ഥലം വാങ്ങുന്നത് അട്ടിമറിക്കാനാണ് ചിലരുടെ നീക്കം. ടൗണ്‍ പരിസരങ്ങളില്‍ സ്ഥലം ലഭ്യമാക്കുന്നതിന് പകരം കൊട്ടേഷനുകള്‍ അവഗണിച്ച് രാമക്കല്‍മേട്ടില്‍ സ്ഥലം വാങ്ങാനുള്ള നീക്കമാണ് നടത്തിയത്. പച്ചടി, നെടുങ്കണ്ടം ഭാഗങ്ങളില്‍ സ്ഥലം നല്‍കാന്‍ വ്യക്തികള്‍ തയ്യാറായിരുന്നിട്ടും ഇതെല്ലാം അവഗണിച്ച് അതിര്‍ത്തി പ്രദേശമായ രാമക്കല്‍മേട്ടില്‍ കോളജിന് സ്ഥലം കണ്ടെത്താനുള്ള നീക്കം ദുരുദ്ദേശപരമാണ്. കോളജിന് അനുയോജ്യമായ സ്ഥലം ടൗണ്‍ പരിസരങ്ങളില്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമാവുകയുള്ളു. താമസ സൗകര്യങ്ങളും മറ്റ് യാത്രാ സൗകര്യങ്ങളും ടൗണിനോടനുബന്ധിച്ച് ലഭ്യമാവുകയും ചെയ്യും. ഇതെല്ലാം അവഗണിച്ച് ദൂര സ്ഥലത്തേയ്ക്ക് കോളജ് മാറ്റുന്നത് അപലപനീയമാണ്.
നിലവിലുള്ള ക്വട്ടേഷനുകളില്‍ ഏറ്റവും അനുയോജ്യമായ പച്ചടിയിലോ, ചക്കക്കാനത്തോ സ്ഥലം ലഭ്യമാക്കുകയോ പുതിയ കൊട്ടേഷനുകള്‍ ക്ഷണിച്ച് നെടുങ്കണ്ടം പരിസര പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്താന്‍ തയ്യാറായില്ലെങ്കില്‍ പ്രദേശത്തെ ജനങ്ങളെ അണിനിരത്തി സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് എം വാര്‍ഡ് ഭാരവാഹികളായ ഷാജി എം ഊരോത്ത്, അഭിലാഷ് പുത്തന്‍പുരയ്ക്കല്‍, അപ്പച്ചന്‍ ചെത്തിപ്പുഴ, ജോസ് കുറ്റിക്കിഴക്കേതില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it