Kottayam Local

സ്ഥലം ഏറ്റെടുക്കലും നിര്‍മാണവും അവതാളത്തില്‍

ചങ്ങനാശ്ശേരി: തിരക്കേറിയ പെരുന്തുരുത്തി-മണര്‍കാട് ബൈപ്പാസില്‍ കുന്നുംപുറം ജങ്ഷനു സമീപം വാടകക്കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന തൃക്കൊടിത്താനം പോലിസ് സ്‌റ്റേഷനുവേണ്ടി സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മാണ ജോലികളും അവതാളത്തില്‍.
ചങ്ങനാശ്ശേരി സ്‌റ്റേഷനില്‍ അനുഭവപ്പെട്ട കേസുകളുടെ ബാഹുല്യവും തദ്ദേശവാസികളുടെ നിരന്തര ആവശ്യവും കണക്കിലെടുത്ത് സി എഫ് തോമസ് എംഎല്‍എ മുന്‍ കൈയ്യെടുത്താണ് സ്റ്റേഷന്‍ ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം 2006 ഡിസംബര്‍ 18 അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണനാണ് നിര്‍വഹിച്ചത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ കെട്ടിട നിര്‍മാണമുള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് തൃക്കൊടിത്താനം പഞ്ചായത്ത് മൂന്നു വര്‍ഷം മുമ്പ് പോലിസ് സ്‌റ്റേഷനുവേണ്ടി പഞ്ചായത്തിലെ കൊക്കോട്ടുചിറ കുളത്തിനു സമീപത്തെ 15 സെന്റു സ്ഥലം നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥലം ആഭ്യന്തരവകുപ്പ് ഏറ്റടെുക്കുന്നതു സംബന്ധിച്ച നൂലാമാലകളാണ് ഇവിടെ കെട്ടിടം പണിയാന്‍ വൈകുന്നത്.
പഞ്ചായത്തു നല്‍കിയ സ്ഥലം നെല്‍വയല്‍ നീര്‍ത്തട പരിധിയില്‍ വരുന്നതായതിനാല്‍ ഇവിടെ കെട്ടിടം നിര്‍മിക്കാനാവില്ലെന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് സ്ഥലം ആഭ്യന്തരവകുപ്പിനു കൈമാറാന്‍ കഴിയാതെ പോയത്. ഇതോടെ പോലിസ് സ്‌റ്റേഷനു സ്വന്തമായി കെട്ടിടം നിര്‍മിക്കാമെന്ന ആഗ്രഹത്തിനും കൈവിലങ്ങുവീണു. എന്നാല്‍ പഞ്ചായത്തും കൃഷിവകുപ്പു ഡയറക്ടറും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമിതിയും ഈ സ്ഥലം പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിനു തടസ്സമില്ലെന്നു രേഖാമൂലം അറിയിച്ചെങ്കിലും തദ്ദേശസ്വയംഭരണ സെക്രട്ടറി കെട്ടിട നിര്‍മാണത്തിനു അനുമതി നിഷേധിക്കുകയായിരുന്നുവെന്നു പറയുന്നു. 17,000 രൂപ വാടക നല്‍കുന്ന നിലവിലെ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം ഒഴിയണമെന്ന് ഇപ്പോള്‍ ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്.
വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം മൂവായിരത്തോളം കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതികളെ പാര്‍പ്പിക്കാന്‍ സുരക്ഷിതമായ സെല്ലുകളും ഇവിടെയില്ല. ഉള്ള സ്ഥലത്താണ് തൊണ്ടിസാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വനിതാ ജീവനക്കാര്‍ക്കു വിശ്രമിക്കാനുള്ള സൗകര്യങ്ങളുമില്ല. ജലദൗര്‍ലഭ്യവും സ്‌റ്റേഷനിലെ ജീവനക്കാരെ വലക്കുന്നുണ്ട്. സ്‌റ്റേഷനു മുന്‍വശത്തെ തിരക്കേറിയ റോഡില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ കിടക്കുന്നതും ഗതാഗതത്തിനു തടസ്സമാകാറുണ്ട്. സ്‌റ്റേഷനില്‍ ആവശ്യത്തിനു പോലിസുകാര്‍ ഇല്ലാത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
തൃക്കൊടിത്താം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളുടെ പരിധിയിലാണ് ഈ സ്‌റ്റേഷന്‍. നിലവില്‍ ഒരു എസ്‌ഐ, ഒരു എഎസ്‌ഐ, രണ്ട് സീനിയര്‍പോലിസ് ഓഫിസര്‍മാര്‍, പത്ത് സിവില്‍ പോലിസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവര്‍ മാത്രമാണ് ഇവിടെയുള്ളത്. ചങ്ങനാശ്ശേരി സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും പരിഹാരമായിട്ടില്ല.
Next Story

RELATED STORIES

Share it