wayanad local

സ്ത്രീശാക്തീകരണ സന്ദേശം വിളിച്ചോതി 'പെണ്ണകങ്ങള്‍'

കല്‍പ്പറ്റ: വീടിന്റെ അകത്തളങ്ങളില്‍ തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കു നേരെ മൗനം പാലിച്ച് സഹനത്തിന്റെ ഭാവം മാത്രം ആടിത്തകര്‍ത്ത സ്ത്രീകള്‍ക്കു പകരം ചൂഷണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്ന സ്ത്രീയായി സ്വയം ഉയരുകയെന്ന സന്ദേശവുമായി അവതരിപ്പിച്ച പെണ്ണകങ്ങള്‍ എന്ന സംഗീതനാടക ശില്‍പം ശ്രദ്ധേയമായി.
സുല്‍ത്താന്‍ ബത്തേരി ശ്രേയസില്‍ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്ത്രീധന- ഗാര്‍ഹിക പീഡന നിരോധന ദിനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിലാണ് നാടകം അവതരിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരേ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങളെ പ്രമേയമാക്കിയാണ് നാടകം.
ഒരു കുടുംബത്തില്‍ പെണ്‍കുട്ടി പിറന്നുവീഴുന്ന നിമിഷം മുതല്‍ സ്‌കൂളിലും വീട്ടിലും സമൂഹത്തിലും അവള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ വിഷമതകളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് നാടകത്തിന്റെ വിജയം. സാധാരണയായി കണ്ടുവരുന്നവയില്‍ നിന്നു വ്യത്യസ്തമായി ചിരിക്കാനും അതിനേക്കാളുപരി ചിന്തിക്കാനും പ്രേരിപ്പിക്കുന്നതും ശക്തവും വ്യക്തവുമായ സംഭാഷണങ്ങളും ചെണ്ട, തുടി തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയും അവതരണത്തിന് മികവേകി.
കൂടാതെ കരിവള്ളൂര്‍ മുരളി രചന നിര്‍വഹിച്ച ഞാന്‍ സ്ത്രീ എന്ന കവിതയുടെ ആലാപന മികവും ശ്രദ്ധേയമാണ്. സ്വന്തം കുടുംബത്തില്‍ പോലും പലപ്പോഴും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നത് ഇന്നത്തെ കാലഘട്ടത്തിന്റെ ദുരവസ്ഥയാണ്. ബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ക്കപ്പുറം ബന്ധങ്ങള്‍ പലപ്പോഴും നരകതുല്യവും ബന്ധനവുമായി മാറുന്നതു പതിവു കാഴ്ചയായി മാറിയിരിക്കുന്നു.
ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ മകള്‍, വിദ്യാര്‍ഥിനി, ഭാര്യ എന്നിങ്ങനെ വിവിധ പ്രായക്കാരായ സ്ത്രീകളുടെ അനുഭവങ്ങളെ കാണികള്‍ക്കു മുന്നിലെത്തിച്ചു കൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ 10 പേരാണ് വേഷപ്പകര്‍ച്ചകളുമായി വേദിയിലെത്തിയത്. കവിതാലാപനത്തിന് അഞ്ചു പേരാണുണ്ടായത്.
ഒന്നര ദിവസത്തെ പരിശീലനം മാത്രമാണ് ഇവര്‍ക്കു ലഭിച്ചത്. എന്നിട്ടും സംഗീതശില്‍പം മികച്ചുനിന്നതു ശ്രദ്ധേയമാണ്. അഭിനയത്തില്‍ പരിശീലനങ്ങളൊന്നുമില്ലാത്ത കലക്ടറേറ്റിലെ റവന്യൂ, സാമൂഹികനീതി, എന്‍ആര്‍ഇജിഎ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വീസ് പ്രൊവൈഡേഴ്‌സ് സെന്ററിലെ പ്രവര്‍ത്തകരുമാണ് അഭിനേതാക്കളായത്. വലിയ വിഷയത്തെ ക്രിയാത്മകമായി ചിട്ടപ്പെടുത്തി പരിശീലനം നല്‍കിയത് മാത്യൂസ് വയനാട്, മൂസ പേരാമ്പ്ര, ശിവദാസ് എന്നിവരാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ബന്ധങ്ങള്‍ക്കു പോലും വിലയില്ലാതാവുന്ന ഈ കാലഘട്ടത്തിലും ബന്ധങ്ങളുടെ ആഴവും പരപ്പും കാണികള്‍ക്കു പകര്‍ന്ന് അല്‍പം ചിരിപ്പിച്ച് ഒരുപാട് ചിന്തിക്കാന്‍ അവസരമൊരുക്കിയ നാടകത്തിലൂടെ നല്ല നാടാവാന്‍ തുല്യനീതി നടപ്പാവണമെന്ന് പെണ്ണകങ്ങള്‍ ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it