സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂരില്‍ ഉടുപ്പഴിച്ച് നടത്തിയ സമരത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ചെറിയാന്‍ ഫിലിപ്പ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ്സുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമരമാര്‍ഗമാണെന്നും ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസ്സില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നുമായിരുന്നു പോസ്റ്റ്.

വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും പോസ്റ്റ് പിന്‍വലിക്കാതെ കടുത്ത പരാമര്‍ശങ്ങളുമായി ചെറിയാന്‍ ഫിലിപ്പ് വീണ്ടും രംഗത്തെത്തി. അതേസമയം, സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ചെറിയാന്‍ ഫിലിപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. സ്ത്രീസമൂഹത്തെ അപമാനിച്ച പരമാര്‍ശങ്ങള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചു.

ദൗര്‍ഭാഗ്യകരമായ പ്രസ്താവനയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന ഇത്തരക്കാരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും സുധീരന്‍ പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും ആര്‍എംപി നേതാവ് കെ കെ രമയും പറഞ്ഞു. അതേസമയം, തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നുപറയേണ്ടിവരുമെന്നും കോ ണ്‍ഗ്രസ്സില്‍ 'ചില' വനിതകള്‍ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകളെല്ലാം സുധീരനും അറിവുള്ളതാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. നുണപരിശോധനയ്ക്കു തന്നെ വിധേയനാക്കണം. അപ്പോള്‍ ഉപബോധമനസ്സിലുള്ളതെല്ലാം പറയാന്‍ കഴിയും. താന്‍ കള്ളംപറഞ്ഞുവെന്നു പിന്നീടാരും പറയില്ലെന്നുമായിരുന്നു അടുത്ത പോസ്റ്റ്.   ഒരു സ്ത്രീവിരുദ്ധ പ്രസ്താവനയും താന്‍ നടത്തിയിട്ടില്ലെന്നും ഒരു സ്ത്രീയെയും പേരെടുത്തു പറഞ്ഞ് അപമാനിച്ചിട്ടില്ലെന്നും ചെറിയാന്‍ പ്രതികരിച്ചു. സുധീരന്‍ പറയുന്നതുപോലെ മാപ്പുപറഞ്ഞാല്‍ സത്യം മരിക്കുകയില്ല. മാന്യതയുടെ പേരില്‍ കോണ്‍ഗ്രസ്സിലെ പല രഹസ്യങ്ങളും ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. എന്നാല്‍, ബിന്ദു കൃഷ്ണ തനിക്കെതിരേ കേസുകൊടുത്താ ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നും മറ്റൊരു പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it