സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വകുപ്പ്

തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായി പ്രത്യേക വകുപ്പു രൂപീകരിക്കുമെന്ന് നയപ്രഖ്യാപനം. സ്ത്രീകളെ വികസനത്തില്‍ ഉള്‍പ്പെടുത്താനും അവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും ലിംഗസമത്വം ഉറപ്പാക്കുകയാണു ലക്ഷ്യം. ഭിന്നലിംഗക്കാരുടെ ഉന്നമനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
സ്ത്രീസുരക്ഷയ്ക്കായി സംയോജിത വണ്‍ സ്‌റ്റോപ് ക്രൈസിസ് സെന്റര്‍(ഒഎസ്‌സിസി) ആരംഭിക്കും. 24 മണിക്കൂര്‍ സേവനം ഉറപ്പാക്കുന്ന പദ്ധതിപ്രകാരം സ്ത്രീകള്‍ക്ക് കൗണ്‍സലിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കും.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ബാലസുരക്ഷ പദ്ധതി നടപ്പാക്കും. ഗോത്രമേഖലയിലെ ശിശുമരണങ്ങളും പോഷകാഹാരക്കുറവും പരിഹരിക്കും. തെരുവുകുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതി ഒരുക്കും. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്താനായി സോഷ്യല്‍ ഓഡിറ്റ് നടത്തും. അസംഘടിത മേഖലയിലെ സ്ത്രീതൊഴിലാളികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. സംസ്ഥാനത്തെ പകല്‍വീടുകള്‍ നവീകരിക്കും.
പട്ടികജാതി പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി വാല്‍സല്യനിധി പദ്ധതി രൂപീകരിക്കും. പട്ടികജാതിക്കാര്‍ക്കായി 44 ഐടിഐകള്‍ സ്‌പെഷ്യല്‍ ഫിനിഷിങ് സ്‌കൂളുകളായി ശക്തിപ്പെടുത്തും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ട്രൈബല്‍ ഗേള്‍ ചൈല്‍ഡ് എന്‍ഡോവ്‌മെന്റ് സ്‌കീം എന്ന പദ്ധതിക്ക് രൂപം നല്‍കും.
Next Story

RELATED STORIES

Share it