സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള നിയമസഹായം;  ജാഗ്രതാസമിതികള്‍ക്ക് ഫയലുകളില്‍ വിശ്രമം

കെ വി ഷാജി സമത

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ജീവിതത്തിന് സുരക്ഷ നല്‍കുന്നതിനായുള്ള ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനാസ്ഥ തുടരുന്നു. പഞ്ചായത്തീരാജ് നിയമമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങളും അവഗണനയും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് ജാഗ്രതാസമിതികള്‍ രൂപീകരിക്കണമെന്ന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
2011ല്‍ വന്ന നിയമഭേദഗതി പ്രകാരം, ഓരോ വാര്‍ഡിലും ജാഗ്രതാസമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഗ്രാമപ്പഞ്ചായത്തുകള്‍ സമിതി രൂപീകരിച്ചില്ല. നിയമനടത്തിപ്പിനായുള്ള ചട്ടം ഉണ്ടാക്കിയിട്ടില്ല എന്ന കാരണം പറഞ്ഞാണ് സമിതി രൂപീകരണം വര്‍ഷങ്ങളോളം നീണ്ടുപോയത്. എന്നാല്‍, 2015 ഒക്ടോബര്‍ മൂന്നിന് ഇതുസംബന്ധിച്ച ചട്ടം നിലവില്‍ വന്നെങ്കിലും ഇപ്പോഴും ജാഗ്രതാസമിതികള്‍ കടലാസിലെ നിര്‍ദേശം മാത്രമായി അവശേഷിക്കുകയാണ്.
ചട്ടം അനുസരിച്ച് ജാഗ്രതാസമിതികള്‍ രൂപീകരിക്കണമെന്ന് നിയമവകുപ്പ് സര്‍ക്കുലറുകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മിക്ക പഞ്ചായത്തിലും ഇതുവരെ ജാഗ്രതാസമിതികള്‍ രൂപീകരിച്ചിട്ടില്ല. ചട്ടം നിലവില്‍വന്ന് 90 ദിവസത്തിനകം സമിതികള്‍ രൂപീകരിക്കണമെന്ന കാലപരിധി ജനുവരി 3ന് അവസാനിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി വീടുകളിലും ജോലിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും നടക്കുന്ന അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കും എതിരേ സ്വമേധയാ നടപടി സ്വീകരിക്കാനുള്ള അധികാരമുണ്ട് വാര്‍ഡ് തല ജാഗ്രതാസമിതികള്‍ക്ക്. വാര്‍ഡ് പ്രതിനിധി ചെയര്‍മാനായ സമിതിയില്‍ ഒരു വനിതാ അഭിഭാഷക, ഒരു വനിതാ പോലിസ് കോണ്‍സ്റ്റബിള്‍, പൗരപ്രമുഖര്‍ എന്നിവര്‍ അടങ്ങുന്ന സമിതികള്‍ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കിയി—ട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ ഏതെങ്കിലും രീതിയിലുള്ള നിയമലംഘനങ്ങള്‍ നടന്നു എന്ന് അറിവ് ലഭിച്ചാല്‍ സമിതിക്ക് സ്വമേധയാ നിയമനടപടി ആരംഭിക്കാം. ഇരുകക്ഷികളെയും അദാലത്തിലേക്കു വിളിച്ചു വരുത്തുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനും സമിതിക്ക് അധികാരമുണ്ട്. വാര്‍ഡ്തലത്തില്‍ പരിഹരിക്കാനാവാത്ത വിഷയങ്ങള്‍ പഞ്ചായത്ത് തല സമിതികള്‍ക്കും പഞ്ചായത്ത് തലത്തില്‍ നിന്ന് ജില്ലാതല ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ക്കും പരാതികള്‍ കൈമാറാം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായ നിയമസഹായം ഉള്‍പ്പെടെ വ്യാപകമായ സേവനങ്ങളാണ് ജാഗ്രതാസമിതികള്‍ വഴി ലഭ്യമാവുക.
ഗ്രാമീണ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാസമിതികള്‍ രൂപീകരിക്കുന്നതിനായി നിയമ ഭേദഗതി കൊണ്ടുവന്നത്. തങ്ങള്‍ക്കെതിരേ ഉണ്ടാവുന്ന പീഡനങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്ന സാഹചര്യത്തിന് മാറ്റം വരുത്തുന്നതിനായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച് പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി നടപടി സ്വീകരിക്കുന്ന രീതിയിലാണ് ജാഗ്രതാ സമിതികളുടെ രൂപീകരണവും നടത്തിപ്പും. സുപ്രിംകോടതി അടക്കമുള്ള നീതിന്യായ സംവിധാനങ്ങളില്‍ സൗജന്യമായി കേസുകള്‍ നടത്തുന്നതിനും ജാഗ്രതാസമിതികള്‍ വഴി സാധിക്കും.
Next Story

RELATED STORIES

Share it