സോളാര്‍: മൊഴി നല്‍കാന്‍ ഹാജാരാവാതിരുന്ന മാധവന്‍ എം.എല്‍.എക്ക് കമ്മീഷന്റെ വിമര്‍ശനം

കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കാന്‍ പി എ മാധവന്‍ എം.എല്‍.എ. രണ്ടാം തവണയും ഹാജരായില്ല. ഇതില്‍ എം.എല്‍.എക്ക് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. ഹാജരാവണമെന്നാവശ്യപ്പെടുന്ന സമന്‍സ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി എ മാധവന്‍ കമ്മീഷന്‍ മുമ്പാകെ പെറ്റീഷന്‍ സമര്‍പ്പിച്ചു. മൊഴി നല്‍കാന്‍ ഈ മാസം ഏഴിനു ഹാജരാവണമെന്നായിരുന്നു നേരത്തെ പി എ മാധവന് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, അന്ന് ഹാജരാവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈ മാസം 12ന് താന്‍ ഹാജരായിക്കൊള്ളാമെന്നും അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ ഇത് അനുവദിച്ചു നല്‍കിയിരുന്നു.

എന്നാല്‍, ഇന്നലെയും ഇദ്ദേഹം ഹാജാരാവാതെ അഭിഭാഷകനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ മാധവനെ വിമര്‍ശിച്ചത്. എം.എല്‍.എ. ആവശ്യപ്പെട്ടതനുസരിച്ചും  എം.എല്‍.എയുടെ തിരക്ക് അറിയാവുന്നതിനാലുമാണ് അദ്ദേഹത്തിനു മാത്രമായി ഇന്നലെ സിറ്റിങ് വച്ചിരുന്നതെന്നും കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. എന്നിട്ടും ഹാജരാവാതിരുന്നതു ശരിയായ നടപടിയല്ലെന്നും വിവരം അഡ്വക്കറ്റ് ജനറലിനെ ധരിപ്പിക്കണമെന്നും ജസ്റ്റിസ് ശിവരാജന്‍ ഗവണ്‍മെന്റ് പ്ലീഡറോട് ആവശ്യപ്പെട്ടു. അതേസമയം, തനിക്കെതിരേ അയച്ച് സമന്‍സ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പി എ മാധവന്‍ ഇന്നലെ അഭിഭാഷകന്‍ മുഖേന പെറ്റീഷന്‍ സമര്‍പ്പിച്ചു. സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയവരില്‍ ചിലര്‍ മാധവനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് കമ്മീഷന്‍ ഇദ്ദേഹത്തിന് സമന്‍സ് അയച്ചത്. ഈ സമന്‍സ് പുനപ്പരിശോധിക്കണമെന്നാണ് പെറ്റീഷനിലൂടെ മാധവന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ മാസം 14ന് പെറ്റീഷന്‍ പരിഗണിക്കാന്‍ കമ്മീഷന്‍ നിശ്ചയിച്ചു. ഇതിനിടെ കമ്മീഷന്റെ കാലാവധി ആറുമാസം കൂടി നീട്ടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നേരത്തെ ഈ മാസം 28 വരെ കമ്മീഷന്റെ കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍, ഈ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് 2016 ഏപ്രില്‍ 28 വരെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it