സോളാര്‍: മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ തൃശൂര്‍ വിജിലന്‍സ് കോടതി; കേസെടുക്കണം

തൃശൂര്‍: സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സരിത, മുന്‍ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍, മന്ത്രി ആര്യാടന്റെ പിഎ കേശവന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം ടെനി ജോപ്പന്‍, ജിക്കുമോന്‍, തോമസ് കുരുവിള എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തണം. പൊതുപ്രവര്‍ത്തകന്‍ പി ഡി ജോസഫ് സമര്‍പ്പിച്ച ഹരജിയില്‍ ജഡ്ജി എസ് എസ് വാസവനാണ് ഉത്തരവിട്ടത്. ഏപ്രില്‍ 11നകം റിപോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

സോളാര്‍ കമ്മീഷനില്‍ സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനും സരിതയ്ക്കുമെതിരേ കേസെടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. കേസില്‍ വിവിധ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും ദ്രുതപരിശോധനയ്ക്കുശേഷമാവാം എഫ്‌ഐആര്‍ എന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ വി കെ ഷൈലജന്‍ വാദമുന്നയിച്ചെങ്കിലും കോടതി നിരാകരിച്ചു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഉത്തരവുകള്‍ ഉണ്ടാവുമെന്ന അക്ബര്‍-ബീര്‍ബല്‍ കഥയെ സൂചിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും തുല്യനീതി തന്നെയാണ് ലഭിക്കുകയെന്നും കോടതി നിരീക്ഷിച്ചു. പരാതിയിലെ ആരോപണങ്ങളും വിശദാംശങ്ങളും പരിശോധിക്കേണ്ടത് പോലിസാണ്.

കേസിന്റെ മറ്റു വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്റെ പരമാധികാരമാണെന്നും ജഡ്ജി പ്രസ്താവിച്ചു. 10 ദിവസത്തെ സാവകാശം വേണമെന്നും അല്ലെങ്കില്‍ താന്‍ കുടുങ്ങുമെന്നുമുള്ള ലീഗല്‍ അഡൈ്വസറുടെ തടസ്സവാദം കോടതി പരിഗണിച്ചില്ല. ജോസഫിന്റെ ഹരജി ആദ്യ കേസായാണ് കോടതി പരിഗണിച്ചത്. മന്ത്രി കെ ബാബുവിന്റെ രാജിയില്‍ കലാശിച്ച ബാര്‍ കോഴക്കേസിലും കേസെടുക്കാന്‍ ഉത്തരവിട്ടത് തൃശൂര്‍ വിജിലന്‍സ് ജഡ്ജി വാസവനായിരുന്നു. ഉത്തരവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയിലേക്ക് പ്രകടനം നടത്തി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരേയുള്ള പരാതിയില്‍ ദ്രുതപരിശോധനപോലും നടത്താതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുന്നത് അസാധാരണ സംഭവമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രഥമദൃഷ്ട്യാ തെളിവുണ്ടായാല്‍ മാത്രമേ ഇത്തരം നടപടികള്‍ കോടതി സ്വീകരിക്കാറുള്ളൂവെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it