സോളാര്‍: മുഖ്യമന്ത്രിക്ക് 1.90 കോടി; ആര്യാടന്‍ മുഹമ്മദിന് കൊടുത്തത് 40 ലക്ഷം

കൊച്ചി: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി ഒരു കോടി 90 ലക്ഷം രൂപയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്ന് തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി. പത്തനംതിട്ടയിലെ വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരുമായി മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റില്‍വച്ച് കണ്ടിട്ടുണ്ടെന്നും കേസന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ സരിത മൊഴിനല്‍കി.
മുഖ്യമന്ത്രിക്കായി തോമസ് കുരുവിള വഴിയും മന്ത്രി ആര്യാടന്‍ മുഹമ്മദിനായി അദ്ദേഹത്തിന്റെ പിഎ കേശവന്‍ വഴിയുമാണ് പണം നല്‍കിയത്. ഡല്‍ഹിയില്‍ ചാന്ദിനിചൗക്കിലെ ഷോപ്പിങ് മാളിന് സമീപം കാറില്‍ വച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയുടെ കൈവശം ആദ്യം ഒരുകോടി പത്തുലക്ഷം രൂപയാണു നല്‍കിയത്. പിന്നീട് തന്റെ ഇടപഴഞ്ഞിയിലെ വീട്ടില്‍വച്ച് 80 ലക്ഷം രൂപയും തോമസ് കുരുവിളയ്ക്കു കൈമാറി. സോളാര്‍ മെഗാ പവര്‍ പ്രൊജക്റ്റുകള്‍ക്കായി ലൈസന്‍സും സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ സഹായങ്ങളും കിട്ടുന്നതിനാണു മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും പണം നല്‍കിയതെന്നും സരിത പറഞ്ഞു.
സോളാര്‍ പദ്ധതിയുടെ രൂപരേഖയും കമ്പനിയുടെ പ്രൊഫൈലുമായി 2011 ജൂണില്‍ സെക്രട്ടേറിയറ്റിലെത്തിയാണ് ആദ്യമായി മുഖ്യമന്ത്രിയെ കണ്ടത്. ലക്ഷ്മിയെന്ന പെണ്‍കുട്ടി പ്രൊജക്റ്റ് കൊണ്ടുവരുമെന്നും പരിശോധിച്ചു വേണ്ടതു ചെയ്യണമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനെ കണ്ടപ്പോള്‍ വേണ്ട നടപടിയെടുക്കാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതി നടപ്പാക്കാന്‍ മന്ത്രിക്കു രണ്ടു കോടിയെങ്കിലും നല്‍കണമെന്ന് അദ്ദേഹത്തിന്റെ പിഎ കേശവന്‍ പറഞ്ഞു.
തുടര്‍ന്ന് ആദ്യ തവണയായി 25 ലക്ഷം രൂപ മന്‍മോഹന്‍ ബംഗ്ലാവിലെത്തി പിഎയുടെ കൈവശം നല്‍കി. പിന്നീട് 15 ലക്ഷം രൂപ കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന കെഎസ്ഇബി എന്‍ജിനീയേഴ്‌സിന്റെ ശില്‍പശാലയില്‍ വച്ച് നല്‍കി. പണം ഏല്‍പ്പിച്ച വിവരം താന്‍ ആര്യാടന്‍ മുഹമ്മദിനോട് പറഞ്ഞു. താന്‍ ജയിലിലായെങ്കിലും സഹായിക്കാനോ വാങ്ങിയ പണം തിരികെ നല്‍കാനോ തയ്യാറായില്ലെന്നും സരിത പറഞ്ഞു.
ജോപ്പന്‍ വഴിയാണു മുഖ്യമന്ത്രിയെ കണ്ടത്. കെ ബി ഗണേഷ്‌കുമാറിന്റെ പിഎ മുഖാന്തരം ടെനി ജോപ്പന്റെ ഫോണ്‍നമ്പറിലൂടെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടെനി ജോപ്പന്‍, ജിക്കുമോന്‍, രവി, സുരേന്ദ്രന്‍ എന്നിവരുടെ ഫോണ്‍ വഴിയും മുഖ്യമന്ത്രിയുമായി നിരവധി തവണ സംസാരിച്ചു. ഏഴു കോടി രൂപയാണ് മുഖ്യമന്ത്രിക്കായി ജിക്കുമോന്‍ ആവശ്യപ്പെട്ടത്. തോമസ് കുരുവിളയ്ക്ക് രൂപ കൈമാറിയ കാര്യം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പുണ്ടെങ്കില്‍ മാത്രമേ സോളാര്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കൂ എന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് സെക്രട്ടേറിയറ്റില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണു ശ്രീധരന്‍ നായര്‍ പണം നിക്ഷേപിച്ചതെന്നും സരിത മൊഴിനല്‍കി.
ബിജു ഒളിവില്‍ പോയ സമയത്ത് ഫെബ്രുവരി 26ന് സെക്രട്ടേറിയറ്റ് അവധിയായിരുന്ന ദിവസം മകള്‍ക്കൊപ്പം രാത്രി ഏഴരയോടെ മുഖ്യമന്ത്രിയെ ഓഫിസിലെത്തി കണ്ടിരുന്നു. ബിജുവിനെതിരേ നിയമനടപടി എടുക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്നും സരിത മൊഴി നല്‍കി.
Next Story

RELATED STORIES

Share it