സോളാര്‍: ബിജു രാധാകൃഷ്ണന്‍ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടില്ല: പി ജെ ജോസഫ്

കൊച്ചി: ബിജു രാധാകൃഷ്ണനും എനര്‍ജി മാര്‍ട്ടിന്റെ ഉടമസ്ഥനും ചേര്‍ന്നാണ് തൊടുപുഴ എനര്‍ജി മാര്‍ട്ടിന്റെ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചതെന്ന സരിത എസ് നായരുടെ മൊഴി മുന്‍ ജലവിഭവ മന്ത്രിയും തൊടുപുഴ എംഎല്‍എയുമായ പി ജെ ജോസഫ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ നിഷേധിച്ചു. തൊടുപുഴയിലുള്ള ഒരു പരിചയക്കാരന്‍ തന്നെ വന്നുകണ്ട് അദ്ദേഹത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിന് തന്നോടു വരാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് താനവിടെ പോയി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ടീം സോളാര്‍ കമ്പനിയെ സംബന്ധിച്ച മറ്റു കാര്യങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
എനര്‍ജി മാര്‍ട്ടുകളുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനായി സരിത നായരുമൊത്ത് താന്‍ മന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖരെ കാണാന്‍ പോയിട്ടുണ്ടെന്ന ടീം സോളാര്‍ കമ്പനിയുടെ മാനേജരുടെ മൊഴി അടിസ്ഥാനരഹിതമാണ്. അവര്‍ ഈ ആവശ്യത്തിന് തന്നെ വന്നു കണ്ടിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. ജോസ് കെ മാണിക്കും മോന്‍സ് ജോസഫ് എംഎല്‍എക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അവരോട് അന്വേഷിച്ചിരുന്നു. സരിത എഴുതിയ കത്തില്‍ ഇവര്‍ക്കെതിരേ പരാമര്‍ശമുണ്ടെന്ന് വാര്‍ത്തകളില്‍ നിന്നറിഞ്ഞു. എന്നാല്‍, സരിത വാക്കുമാറ്റി പറയുന്നതിനാലാണ് കത്ത് പിടിച്ചെടു—ക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടാതിരുന്നത്.
സോളാര്‍ ഇടപാടില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന പി സി ജോര്‍ജിന്റെ പരാമര്‍ശം അടിസ്ഥാനമില്ലാത്തതാണെന്നും പി ജെ ജോസഫ് മൊഴി നല്‍കി. മന്ത്രിയായിരുന്ന സമയത്ത് ഉദ്ഘാടനത്തിന് വിളിക്കുന്ന ആളുകളെപറ്റിയും പ്രസ്ഥാനങ്ങളെപറ്റിയും മനസ്സിലാക്കിയല്ല ആ കര്‍മം നിര്‍വഹിക്കുന്നതെന്ന മുന്‍മന്ത്രിയുടെ മറുപടിയില്‍ കമ്മീഷന്‍ ആശ്ചര്യം പ്രകടിപ്പിച്ചു.
Next Story

RELATED STORIES

Share it