സോളാര്‍: പി പി തങ്കച്ചനും സര്‍ക്കാരിനും നോട്ടീസ്

കൊച്ചി: മുന്‍ധാരണയിലാണ് സോളാര്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നതെന്ന യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പരാമര്‍ശത്തില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ സര്‍ക്കാരിനും തങ്കച്ചനും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.
യുഡിഎഫ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇനി ഹാജരാവാനുള്ളത്. അതിനാല്‍ തങ്കച്ചന്റെ വിമര്‍ശനം ഗൗരവമേറിയതാണ്. യുഡിഎഫും സര്‍ക്കാരും ഒരേ രീതിയിലാണ് ചിന്തിക്കുന്നതെങ്കില്‍ കമ്മീഷന്‍ ഇനി തുടരേണ്ട കാര്യമില്ലെന്നും ശിവരാജന്‍ പറഞ്ഞു. തങ്കച്ചനെതിരേ അഡ്വ. സി രാജേന്ദ്രനും കമ്മീഷനില്‍ ഹരജി നല്‍കി. ഇക്കഴിഞ്ഞ 15ന് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനെക്കുറിച്ച് വിശദീകരിക്കവെയാണ് തങ്കച്ചന്‍ വിവാദ പരാമര്‍ശം നടത്തിയത്. വായ്‌നോക്കി പ്രയോഗത്തില്‍ മന്ത്രി ഷിബു ബേബിജോണിന്റെ മാപ്പപേക്ഷ കമ്മീഷന്‍ അംഗീകരിച്ചു.
അതേസമയം, സരിത എസ് നായര്‍ തിങ്കളാഴ്ച നിര്‍ബന്ധമായും ഹാജരാവണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇന്നലെ ഹാജരായെങ്കിലും തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാല്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിലപ്പോവില്ലെന്നും സാവകാശം നല്‍കില്ലെന്നുമായിരുന്നു കമ്മീഷന്റെ നിലപാട്.
Next Story

RELATED STORIES

Share it