സോളാര്‍ പാര്‍ക്ക് കമ്പനിക്ക് അനുവദിച്ച സ്ഥലം കൈയേറി

അബ്ദുര്‍ റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: ജില്ലയില്‍ 200 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുമെന്നു പ്രഖ്യാപിച്ച 1000 ഏക്കര്‍ സ്ഥലത്ത് വ്യാപക കൈയേറ്റം. 2017 മാര്‍ച്ച് 31നു മുമ്പ് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അമ്പലത്തറ വില്ലേജില്‍ 484 ഏക്കര്‍ സ്ഥലം പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ തേജസിനോടു പറഞ്ഞു. അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച, ചിപ്പാര്‍, പൈവളിഗെ വില്ലേജുകളിലായി 429 ഏക്കര്‍ സ്ഥലം അനുവദിക്കാനും ധാരണയാക്കിയിരുന്നു. ഈ സ്ഥലം അളന്നു തിട്ടപ്പെടുത്താനെത്തിയപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സ്ഥലത്തിന്റെ രേഖകളുമായി നിരവധി പേര്‍ എത്തിയതോടെ മഞ്ചേശ്വരത്തെ പദ്ധതി അനിശ്ചിതത്വത്തിലായി. മീഞ്ച, ചിപ്പാര്‍ വില്ലേജുകളിലായി 180.586 ഏക്കറും പൈവളിഗെ വില്ലേജില്‍ 249.735 ഏക്കറും അടക്കം 429 ഏക്കര്‍ സ്ഥലം സോളാര്‍ പാര്‍ക്കിനു വിട്ടുനല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്.

200 മെഗാവാട്ടിന്റെ സൗരോര്‍ജ പാര്‍ക്ക് സ്ഥാപിക്കാനായി റിന്യൂവബിള്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് കേരള സംയുക്ത സംരംഭത്തിന് കെഎസ്ഇബിയും സോളാര്‍ പാര്‍ക്ക് ഓഫ് ഇന്ത്യയും കമ്പനി നേരത്തെ രൂപീകരിച്ചിരുന്നു. മൂലധനമായി 50 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി ലക്ഷ്യമിടുന്ന 200 മെഗാവാട്ടില്‍ 50 മെഗാവാട്ട് ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡവലപ്പ്‌മെന്റ് ഏജന്‍സി വഴിയും 50 മെഗാവാട്ട് തെഹ്‌രി ഹൈഡ്രോ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ വഴിയും നടപ്പാക്കും. ഇവ രണ്ടും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്. ശേഷിക്കുന്ന 100 മെഗാവാട്ട് കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രാലയം അംഗീകരിച്ച വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് പദ്ധതി വഴി നടപ്പാക്കാനായിരുന്നു തീരുമാനം. 1400 കോടി രൂപ ചെലവിലാണ് സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സോളാര്‍ പാര്‍ക്കില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡ് റഗുലേറ്ററി അതോറിറ്റി നിര്‍ണയിക്കുന്ന വിലയ്ക്ക് കെഎസ്ഇബി വാങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സംസ്ഥാന സ ര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ റവന്യൂ വകുപ്പിനു കീഴില്‍ തരിശ്ശായി കിടക്കുന്ന സ്ഥലമാണ് ഇതിനുവേണ്ടി അനുവദിക്കാന്‍ തീരുമാനിച്ചിരുന്നത്. കാസര്‍കോട് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണു രൂപീകരിച്ചിട്ടുള്ളത്. അതിര്‍ത്തി മേഖലകളിലെ ചില റവന്യൂ ഉദ്യോഗസ്ഥര്‍ ഭൂമാഫിയകള്‍ക്കു വേണ്ടി ഒത്താശ ചെയ്തതിന്റെ ഫലമായാണ് സ്ഥലം കൈയേറ്റത്തിനു വിധേയമായത്. നേരത്തെ സ്ഥലം കൈക്കലാക്കിയവര്‍ മറിച്ചുവി ല്‍ക്കുകയായിരുന്നു. എട്ടും പത്തും തവണ മറിച്ചുവിറ്റ സ്ഥലത്തിന്റെ രേഖകളുമായാണ് ഇപ്പോള്‍ പ്രസ്തുത പദ്ധതിക്കു വേണ്ടി നീക്കിവച്ച സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് പലരും എത്തുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ നേരത്തെ അദാലത്ത് സംഘടിപ്പിച്ചിരുന്നെങ്കിലും കൈവശക്കാര്‍ രേഖകള്‍ ഹാജരാക്കിയതോടെ റവന്യൂ സ്ഥലം ചിലര്‍ കൈയേറിയതായി കണ്ടെത്തുകയായിരുന്നു. ഇവിടെ സ്ഥലം ലഭിച്ചവര്‍ക്ക് പകരം ഭൂമി നല്‍കാതെ പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കാനാവില്ലെന്നാണ് മഞ്ചേശ്വരം തഹസില്‍ദാര്‍ പറയുന്നത്. ഇന്ന് കാസര്‍കോട്ടെത്തുന്ന റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനു മുന്നില്‍ ഈ വിഷയം അവതരിപ്പിക്കുമെന്ന് പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ തേജസിനോടു പറഞ്ഞു.
Next Story

RELATED STORIES

Share it