സോളാര്‍: തെളിവുകള്‍ വിശ്വാസ്യത ഇല്ലാത്തത്- ഉമ്മന്‍ചാണ്ടി

കോട്ടയം: സോളാര്‍ കേസില്‍ സരിത കഴിഞ്ഞ ദിവസം നല്‍കിയ തെളിവുകള്‍ വിശ്വാസ്യത ഇല്ലാത്തതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പ്രസ്‌ക്ലബ്ബിന്റെ നിലപാട് 2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവിന് എന്തെങ്കിലും വിശ്വാസ്യത ഉണ്ടായിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നല്‍കില്ലായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പേ നല്‍കുമായിരുന്നു. അങ്ങനെ തെളിവ് ഹാജരാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ച തന്നെ മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പ്രതിയായി പിടികൂടാന്‍ കഴിയില്ല. കുറ്റം ചെയ്തവരെ മാത്രമേ പിടിക്കാന്‍ കഴിയു. ഈ കേസില്‍ കേരളത്തിനകത്തും പുറത്തും ഏറ്റവും ഫലപ്രദമായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. കാര്യങ്ങള്‍ ശരിയായ ദിശയിലാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഒരു കാരണവശാലും ബിജെപി അക്കൗണ്ട് തുറക്കില്ല. കേരളത്തിന്റെ മനസ്സ് ബിജെപിയുടെ വിഭാഗീയ ചിന്തയോടു യോജിക്കുന്നില്ല. ബിജെപിക്ക് ഇടതുപക്ഷവുമായി ചേര്‍ന്ന് മല്‍സരിച്ചിട്ടും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രിയുടെ സോമാലിയ പരാമര്‍ശത്തിനു ജനങ്ങള്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മല്‍സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താവും തിരഞ്ഞെടുപ്പുഫലമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it