സോളാര്‍ തട്ടിപ്പ്: ഡല്‍ഹി കോടതി റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: സോളാര്‍ കേസില്‍ ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡല്‍ഹി തീസ് ഹസാരി കോടതി പോലിസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര സംഘടന നവോദയം പ്രവര്‍ത്തകന്‍ ദിലീപ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയം നല്‍കിയ ജസ്റ്റിസ് രാകേഷ് കുമാര്‍ രാംപുരി അടുത്തമാസം 31നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കിലെ ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ഏരിയയില്‍ മലയാളി വ്യവസായി തോമസ്‌കുരുവിളയ്ക്ക് 1.2 കോടി രൂപ കൈമാറിയെന്ന് സരിതാ എസ് നായര്‍ സോളാര്‍ കമ്മിഷനു മുന്നില്‍ മൊഴിനല്‍കിയിരുന്നു. 2012 ഡിസംബര്‍ 27നാണ് സരിത ഇത്രയും തുക തോമസ് കുരുവിളയ്ക്ക് നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു. ഭീമമായ തുക ഡല്‍ഹിയില്‍ വച്ച് കൈമാറിയത് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിമാര്‍ക്കോ നല്‍കാനാണോ എന്ന് വ്യക്തമല്ലെന്നും പരാതിക്കാരന്‍ പറയുന്നു.
ഡല്‍ഹിയില്‍ വച്ച് തോമസ് കുരുവിളയ്ക്ക് ഒരുകോടി രൂപ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ചാന്ദ്‌നിചൗക്ക് പോലിസില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പോലിസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇന്നലെ കോടതി നിര്‍ദേശിച്ചത്. ദിലീപിന്റെ പരാതി ലഭിച്ചെന്ന് പോലിസ് അറിയിച്ചതിനെത്തുടര്‍ന്ന് ഇതില്‍ എന്തുനടപടി സ്വീകരിച്ചെന്ന് കോടതി ചോദിച്ചു.
Next Story

RELATED STORIES

Share it