സോളാര്‍ തട്ടിപ്പ് കേസ്; ഡിജിറ്റല്‍ തെളിവിന്റെ പകര്‍പ്പ്: വേണുഗോപാലിന്റെ ഹരജി തള്ളി

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ നല്‍കിയ ഹരജി കമ്മീഷന്‍ നിരസിച്ചു. സരിത നല്‍കിയ തെളിവുകള്‍ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്നും അതിനുമുമ്പ് പകര്‍പ്പ് നല്‍കാന്‍ കഴിയില്ലെന്നും സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞു.
ഇതുവരെ ലഭിച്ച തെളിവുകളുടെ പരിശോധന ജൂണില്‍ പൂര്‍ത്തിയാക്കും. ആശ്യമെങ്കില്‍ കൂടുതല്‍ പേരെ വിസ്തരിച്ച് രണ്ടാംഘട്ട തെളിവുശേഖരണം നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. സരിത സോളാര്‍ കമ്മീഷനില്‍ നല്‍കിയ കത്തിലും കത്തിലെ വിവരങ്ങള്‍സാധൂകരിക്കുന്നതിനായി നല്‍കിയ ഡിജിറ്റല്‍ തെളിവുകളിലും തന്നെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അപകീര്‍ത്തികരമായതിനാല്‍ അതിന്റെ നിജസ്ഥിതി അറിയുന്നതിനായി കത്തിന്റെയും തെളിവുകളുടെയും പകര്‍പ്പു വേണമെന്നുമാണ് കെ സി വേണുഗോപാല്‍ അഡ്വ. അജയ് ബെന്‍ ജോസ് വഴി നല്‍കിയ ഹരജിയില്‍ പറയുന്നത്.
സരിത കമ്മീഷന്‍ സെക്രട്ടറിക്കാണ് തെളിവുകള്‍ സമര്‍പ്പിച്ചത്. അത് ഇതുവരെ പരിശോധിച്ചിട്ടില്ല. ഈ മാസം 30ന് സരിതയെ കമ്മീഷനില്‍ വരുത്തി തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളാരാഞ്ഞതിനുശേഷമേ അവ പരിശോധിക്കുകയുള്ളൂ. കത്തില്‍ കെ സി വേണുഗോപാലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കത്തിലെ ഈ പരാമര്‍ശ ഭാഗത്തിന്റെ പകര്‍പ്പു നല്‍കുന്നതില്‍ വിരോധമില്ല. എന്നാല്‍, പെന്‍ഡ്രൈവിലെ വീഡിയോ ദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം അതില്‍ കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെങ്കില്‍ അത് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നല്‍കാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു.
സോളാര്‍ ഇടപാടില്‍ തന്റെ വാദം അറിയിക്കുന്നതിനായി കമ്മീഷന്‍ എന്‍ക്വയറി ആക്ടിലെ എട്ട് ബി വകുപ്പുപ്രകാരം മുമ്പ് കെ സി വേണുഗോപാലിന് നോട്ടീസ് അയച്ചിരുന്നു. അതിന് ഒരു മറുപടിയുമുണ്ടായില്ല എന്നു മാത്രമല്ല, കമ്മീഷനിലെ തുടര്‍സിറ്റിങ്ങുകളില്‍ തനിക്കെതിരായ എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടോയെന്നറിയാന്‍ വക്കീലിനെപ്പോലും നിയോഗിച്ചില്ല.
സരിത തെളിവു നല്‍കിയപ്പോള്‍ മാത്രമാണോ വേണുഗോപാലിന് തന്നെ മോശമായി ചിത്രീകരിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും തോന്നിയത്. മുമ്പ് ബിജു രാധാകൃഷ്ണന്‍ കമ്മീഷനു മുന്നില്‍ കെ സി വേണുഗോപാലിനെതിരേ മൊഴിനല്‍കിയിരുന്നു. അത് മാധ്യമങ്ങളില്‍ വന്നതുമാണ്. അന്നൊന്നും അത് അപകീര്‍ത്തികരമായി തോന്നിയിട്ടില്ലേയെന്നും കമ്മീഷന്‍ ചോദിച്ചു.
13ന് സരിത തെളിവു സമര്‍പ്പിച്ച് പിറ്റേന്ന് പത്രങ്ങളില്‍ കണ്ട വാര്‍ത്ത, തെളിവുകള്‍ പുറത്തു വിടണമെന്നാവശ്യപ്പെട്ട് കമ്മീഷന് വേണുഗോപാല്‍ കത്തുനല്‍കിയെന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നതെന്നും കമ്മീഷന്‍ ചോദിച്ചു.
സരിത എസ് നായര്‍ സമര്‍പ്പിച്ച തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ കമ്മീഷന് കത്തു നല്‍കിയെന്ന് വന്ന വാര്‍ത്ത തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി കമ്മീഷനെ ഉപകരണമാക്കാനുദ്ദേശിച്ചുള്ളതായിരുന്നുവെന്നും ഇത്—അപലപനീയമാണെന്നും ചൂണ്ടിക്കാട്ടി ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ഹരജി നല്‍കി. ഹരജി 30ന് ചേരുന്ന സിറ്റിങ്ങില്‍ കമ്മീഷന്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it