സോളാര്‍ തട്ടിപ്പ് കേസ് : അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി; പ്രതികളുമായി മന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നെന്ന്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികളുമായി ആരോപണ വിധേയരായ മന്ത്രിമാര്‍ ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചിരുന്നെന്ന് പ്രത്യേക അന്വേഷണസംഘം ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ജെയ്‌സണ്‍ കെ എബ്രഹാം സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. എന്നാല്‍, പ്രതികള്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടായിരുന്നില്ലെന്നും ജെയ്‌സണ്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസിലെ ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവരുമായി പ്രതികള്‍ക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍, ജോപ്പന്‍ ഒഴികെ മറ്റാര്‍ക്കും ബിജു രാധാകൃഷ്ണനും സരിതയും നടത്തിയ കുറ്റകൃത്യങ്ങളില്‍ ബന്ധമില്ലെന്നും ജെയ്‌സണ്‍ പി എബ്രഹാം ജി ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി. സോളാര്‍ തട്ടിപ്പിലെ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതയെയും ചോദ്യം ചെയ്തതില്‍ നിന്ന് ഇവര്‍ക്ക് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമായി ബന്ധമുണ്ടായിരുന്നില്ലെന്നു വ്യക്തമായി. പ്രത്യേക അന്വേഷണ സംഘം മേധാവി എഡിജിപി എ ഹേമചന്ദ്രന്‍ റിവ്യൂ മീറ്റിങുകളും അന്വേഷണ പുരോഗതികളും വിലയിരുത്താറുണ്ടായിരുന്നെങ്കിലും കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിരുന്നില്ല.
എഡിജിപിയുടെ നിര്‍ദേശ പ്രകാരം കേസില്‍ നിന്ന് ഉന്നതരെ ഒഴിവാക്കിയെന്ന ആരോപണവും ശരിയല്ല. ബിജുവും സരിതയും ചേര്‍ന്ന് 33 കേസുകളിലായി ആറു കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
സോളാര്‍ ഇടപാടിന്റെ പേരില്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്നു തട്ടിയെടുത്ത പണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സരിതയുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ സരിതയും ബിജു രാധാകൃഷ്ണനും ഭാര്യാ ഭര്‍ത്താക്കന്മാരെപോലെയാണു ജീവിച്ചിരുന്നതെന്ന് അവര്‍ നല്‍കിയ മൊഴിയില്‍ നിന്നു വ്യക്തമായിട്ടുണ്ടെന്നും ജെയ്‌സണ്‍ മൊഴി നല്‍കി. അതേസമയം സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള മൊഴികളും ചോദ്യങ്ങളും ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ പോലും കമ്മീഷനു മുന്നില്‍ ഹാജരായിട്ടില്ലെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ നിരീക്ഷിച്ചു. ഇന്നലെ കമ്മീഷനു മുന്നില്‍ മൊഴി നല്‍കാന്‍ ഹാജരാവാത്ത പെരുമ്പാവൂര്‍ ഡിവൈഎസ്പി ഹരികൃഷ്ണനെയും കമ്മീഷന്‍ വിമര്‍ശിച്ചു.
ഡിവൈഎസ്പി ഹരികൃഷ്ണന്റെ മൊഴി നിര്‍ണായകമാണെന്നും സരിതയെ വിസ്തരിക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കേണ്ടത് അത്യാവശ്യമാണെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞ സരിത കമ്മീഷന്‍ അക്കാര്യം ചോദിച്ചപ്പോള്‍ കരയുകയും മറുപടി പറയാതിരിക്കുകയുമാണു ചെയ്തത്. അതുകൊണ്ടു തന്നെ ഇനി സരിതയെ വിസ്തരിക്കുന്നതിനു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരം ശരിയായ സമയത്തു നടക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കേസ് അന്വേഷിക്കാന്‍ കഴിഞ്ഞിരുന്നതായി ഇന്നലെ മൊഴി നല്‍കിയ മറ്റൊരു ഡിവൈഎസ്പി ബി പ്രസന്നന്‍ നായരും വ്യക്തമാക്കി. സരിതയെയും ബിജുവിനെയും ചോദ്യം ചെയ്തിരുന്നപ്പോള്‍ എഡിജിപി എ ഹേമചന്ദ്രനും ഉണ്ടായിരുന്നു. പ്രാരംഭ ഘട്ടത്തില്‍ കേസിന്റെ പൊതുസ്വഭാവം മനസിലാക്കുന്നതിനും പ്രതികളുടെ പ്രവര്‍ത്തനങ്ങളും പണം ചെലവഴിച്ച കാര്യവും അറിയുന്നതിനായിരുന്നു അദ്ദേഹം സന്നിഹിതനായിരുന്നതെന്നും പ്രസന്നന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.
Next Story

RELATED STORIES

Share it