സോളാര്‍ തട്ടിപ്പുകേസ്: മോന്‍സ് ജോസഫും അനില്‍കുമാറും കമ്മീഷനില്‍ മൊഴി നല്‍കി

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ മുന്‍മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫും മുന്‍മന്ത്രി എ പി അനില്‍കുമാറും സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കി.
കേസിലെ പ്രതി സരിത എസ് നായരുമായി പുലര്‍ച്ചെ രണ്ടു വരെയുള്ള സമയങ്ങളില്‍ ഫോണില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്ന് മോന്‍സ് ജോസഫ് കമ്മീഷന് മൊഴി നല്‍കി. മോന്‍സ് ജോസഫ് സരിതയുമായി മൊത്തം 164 കോളുകള്‍ നടത്തിയിട്ടുണ്ടെന്ന് സരിതയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച കമ്മീഷന്റെ അഭിഭാഷകന്‍ അഡ്വ. സി ഹരികുമാര്‍ വെളിപ്പെടുത്തി.
സരിതയെ രണ്ടു തവണ മാത്രമാണു കണ്ടിട്ടുള്ളത്. ടീം സോളാറുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനായും മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി അടുപ്പിച്ചത് മോന്‍സ് ജോസഫാണെന്ന സരിതയുടെ മൊഴി അടിസ്ഥാനരഹിതമാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
അതേസമയം, സോളാര്‍ കേസിലെ പ്രതി സരിതയുമായി 26 തവണ ഫോണില്‍ സംസാരിച്ചെന്ന് മുന്‍മന്ത്രി എ പി അനില്‍കുമാര്‍ കമ്മീഷന്‍ മുമ്പാകെ സമ്മതിച്ചു. സരിത എസ് നായരെ നേരിട്ടു കണ്ടിട്ടുണ്ടെന്നും എ പി അനില്‍കുമാര്‍ കമ്മീഷന് മൊഴിനല്‍കി.
ഇന്ന് സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷനില്‍ തെളിവുകള്‍ സമര്‍പ്പിക്കാനുള്ള അവസാന അവസരം ഇന്നാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. തെളിവുകള്‍ ഹാജരാക്കുന്നതിന് സരിതയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന്‍ ഇന്നലെ സമര്‍പ്പിച്ച പെറ്റീഷന്‍ കമ്മീഷന്‍ തള്ളി.
സരിത കമ്മീഷനെ കളിക്കാനുള്ള ഇടമായാണോ കാണുന്നതെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണിയോട് ചോദിച്ചു. ഇന്നു പതിനൊന്നു മണിക്ക് ഹാജരായില്ലെങ്കില്‍ സരിതയ്‌ക്കെതിരേ വാറന്റ് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇന്ന് ഹാജരാവും.
Next Story

RELATED STORIES

Share it