kozhikode local

സോളാര്‍ കേസ്: വിസ്താരം 28ന്

കോഴിക്കോട്: ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലെ സാക്ഷി വിസ്താരം ഈ മാസം 28ലേക്ക് മാറ്റി. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, സരിതയുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരേ വിചാരണക്കോടതി കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്നാണ് സാക്ഷി വിസ്താരത്തിനായി കേസ് മാറ്റിയത്. എന്നാല്‍, ഇന്നലെ കേസ് പരിഗണനക്കു വന്നപ്പോള്‍ സാങ്കേതികമായ കാരണങ്ങളാല്‍ 28ലേക്കു മാറ്റുകയായിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജി വിചാരണക്കോടതി സപ്തംബര്‍ 18 ന് തള്ളിയിരുന്നു. കേസ് നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് പ്രതികള്‍ വിചാരണക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ബിജുവും സരിതയും ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചുമാണ് ടീം സോളാര്‍ കമ്പനിയുടെ പേരില്‍ പ്രവര്‍ത്തിച്ചതെന്ന് കാണിച്ച് അതിനെതിരെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച എതിര്‍ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു.
ടീം സോളാറിന്റെ മലബാറിലെ വിതരണമെടുക്കാനും വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനുമായി അസോസിയേറ്റഡ് സ്റ്റീല്‍സ് ഉടമയായ അബ്ദുള്‍ മജീദില്‍ നിന്നും 42,70,375 രൂപ സരിതയും ബിജു രാധാകൃഷ്ണും ചേര്‍ന്ന് തട്ടിയെടുത്തെന്ന പരാതിയിലാണ് കസബ പൊലീസ് 2012 നവംബര്‍ 9ന് കേസെടുത്തിരുന്നത്. ലക്ഷ്മി എസ് നായര്‍, ആര്‍ ബി നായര്‍ എന്നീ പേരുകളിലായിരുന്നു സരിതയും ബിജുവും അബ്ദുള്‍ മജീദിനെ പരിചയപ്പെട്ടത്. സോളാര്‍ പാനലുകളും ലൈറ്റുകളും വാട്ടര്‍ ഹീറ്ററുകള്‍ തുടങ്ങിയവയുടെ വിതരണത്തിനായി ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും വീട്ടിലും ഓഫിസിലും പാനലുകള്‍ സ്ഥാപിക്കാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
Next Story

RELATED STORIES

Share it