സോളാര്‍ കമ്മീഷന് വിമര്‍ശനം: തെറ്റുപറ്റിയെന്ന് തങ്കച്ചന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചതില്‍ തനിക്കു തെറ്റുപറ്റിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതുകേട്ട് തന്നേപ്പോലൊരാള്‍ കമ്മീഷനെതിരായി പ്രതികരിക്കാന്‍ പാടില്ലായിരുന്നു. ആക്ഷേപമുന്നയിച്ചതില്‍ അതിയായ ദുഃഖവും കുറ്റബോധവുമുണ്ടെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കമ്മീഷനെ വ്യക്തിപരമായി ആക്ഷേപിക്കാനോ ജനങ്ങളുടെ മുന്നില്‍ തരംതാഴ്ത്തി കാട്ടാനോ ശ്രമിച്ചിട്ടില്ല. ജുഡീഷ്യറിയോട് ആദരവും ബഹുമാനവുമുള്ള വ്യക്തിയാണ് താന്‍. ജുഡീഷ്യറിക്കെതിരേ താന്‍ ഇതുവരെയും വിമര്‍ശനം ഉന്നയിച്ചിട്ടില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷനെ സംബന്ധിച്ച് ചില ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. പിന്നീട് അന്വേഷിച്ചപ്പോള്‍ തനിക്കു ലഭിച്ച വിവരങ്ങള്‍ ശരിയല്ലെന്ന് ബോധ്യപ്പെട്ടു. ആക്ഷേപങ്ങള്‍ ബോധ്യപ്പെട്ടതിനുശേഷം പ്രതികരിച്ചാല്‍ മതിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മീഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. ജുഡീഷ്യറിക്ക് എന്തും പറയാം, ജനപ്രതിനിധികള്‍ക്ക് ഒന്നും പറയാന്‍ പാടില്ലേ എന്നുമായിരുന്നു തങ്കച്ചന്റെ പരാമര്‍ശം. തുടര്‍ന്ന് കമ്മീഷന്‍ തങ്കച്ചന് നോട്ടീസ് അയച്ചു. കമ്മീഷന്റെ നിര്‍ദേശപ്രകാരം വിശദീകരണം രേഖാമൂലം നല്‍കുമെന്നും തങ്കച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെപ്പോലും ആക്ഷേപിക്കുന്ന പ്രതിപക്ഷത്തിന്റെ നടപടി ശരിയല്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും ഭാര്യയെയും മക്കളെയും കുറിച്ച് മോശമായ രീതിയിലാണ് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നത്. കേരളംപോലെ സംസ്‌കാര സമ്പന്നമായ ഒരു സംസ്ഥാനത്ത് ആരും ഇതിനോട് യോജിക്കില്ല. ഒരു പിതാമഹന്‍ എന്ന നിലയില്‍ ചെറുമക്കളോടൊത്ത് അല്‍പംസമയം ചെലവഴിക്കണമെന്ന ആഗ്രഹം എല്ലാവരെയും പോലെ മുഖ്യമന്ത്രിക്കും ഉണ്ടാവും. എന്നാല്‍, അദ്ദേഹത്തിന് അതിനുപോലും സമയം ലഭിക്കാറില്ല. സംസ്ഥാനത്തെ ജനങ്ങള്‍ക്കായി അദ്ദേഹം നിരന്തരമായി ജോലി ചെയ്യുകയാണ്. ഉറങ്ങുന്നതുപോലും യാത്രയ്ക്കിടയില്‍ കാറിലിരുന്നാണ്. എന്നിട്ടും അദ്ദേഹത്തിനെതിരേ ആക്ഷേപമുന്നയിക്കുകയാണ്.
70ല്‍ അധികം സീറ്റുകളില്‍ വിജയിക്കുമെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കാന്‍ സാധ്യതയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it