സോളാര്‍ കമ്മീഷന്‍ സിറ്റിങ്; വിസ്താരത്തിനിടെ സരിത പൊട്ടിക്കരഞ്ഞു

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ ഇന്നലെ കമ്മീഷന്‍ മുമ്പാകെ ക്രോസ് വിസ്താരം നടത്തിയത് രഹസ്യമായി. വിസ്താരത്തിനിടയില്‍ സരിത പൊട്ടിക്കരഞ്ഞു. ക്രോസ്‌വിസ്താരം രഹസ്യമായി നടത്തണമെന്ന് നേരത്തേ സരിത കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സരിതയെ ക്രോസ്‌വിസ്താരം ചെയ്യാനെത്തിയ ഉമ്മന്‍ചാണ്ടിയുടെയും കെ സി വേണുഗോപാലിന്റെയും അഭിഭാഷകരും ഇതേ ആവശ്യം കമ്മീഷന്‍ മുമ്പാകെ ഉന്നയിക്കുകയായിരുന്നു.
സരിത തുടര്‍ച്ചയായി കമ്മീഷന്‍ മുമ്പാകെ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് 23ന് സോളാര്‍ കമ്മീഷന്‍ സരിതയ്‌ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് സരിത ഇന്നലെ കമ്മീഷന്‍ മുമ്പാകെ ഹാജരായി ക്രോസ്‌വിസ്താരത്തിന് തയ്യാറാണെന്ന് അറിയിച്ചത്. കൂടുതല്‍ തെളിവുകളൊന്നും കൊണ്ടുവന്നിട്ടില്ലെന്നും സരിത കമ്മീഷന്‍ ജസ്റ്റിസ് ശിവരാജനെ അറിയിച്ചു. കഴിഞ്ഞ മെയ് 11ന് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ കത്ത് സരിതയെ കമ്മീഷന്‍ കാണിച്ചു.
പെരുമ്പാവൂര്‍ പോലിസ് കസ്റ്റഡിയിലിരിക്കേ 2013 ജൂലായ് 19ന് താന്‍ എഴുതിയ കത്താണ് അതെന്ന് സരിത കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് ക്രോസ്‌വിസ്താരത്തിന് കമ്മീഷന്‍ അനുമതി നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനു പുറമെ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, ജോസ് കെ മാണി എംപി എന്നിവരുടെ അഭിഭാഷകരും സരിതയെ ക്രോസ്‌വിസ്താരം നടത്തി.
പെരുമ്പാവൂര്‍ ജയിലില്‍ വച്ച് എഴുതിയ കത്തിലെ ആരോപണങ്ങളെക്കുറിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ ക്രോസ്‌വിസ്താരം നടത്തുന്നതിനിടെ സരിത പൊട്ടിക്കരഞ്ഞു. ഇതേതുടര്‍ന്ന് രണ്ടുമണിയോടെ വിസ്താരം നിര്‍ത്തിവച്ചു. പിന്നീട് രണ്ടേമുക്കാലോടെ വിസ്താരം പുനരാരംഭിച്ചു. കമ്മീഷന്‍ സിറ്റിങ്‌റൂമില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്തിറക്കിയതിനു ശേഷമാണ് വിസ്താരം ആരംഭിച്ചത്. സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണിക്കും കമ്മിഷന്‍ അഭിഭാഷകന്‍ ഹരികുമാറിനും സിറ്റിങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി.
രാത്രി എട്ടരയോടെ വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയ സരിത താന്‍ നേരത്തേ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിസ്താരത്തിനിടയില്‍ താന്‍ കരഞ്ഞത് പഴയകാലത്ത് സംഭവിച്ച കാര്യങ്ങളിലെ വിഷമം നിമിത്തമാണ്. താന്‍ മുമ്പുപറഞ്ഞ കാര്യങ്ങളില്‍തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ക്രോസ് വിസ്താരത്തിലും താന്‍ നിലപാട് ആവര്‍ത്തിച്ചു. ജോസ് കെ മാണിയുടെ കാര്യത്തില്‍ മാത്രമാണ് തനിക്ക് അഡീഷനലായി ഉത്തരം നല്‍കേണ്ടിവന്നത്.
ജോസ് കെ മാണിയുടെ വിഷയത്തില്‍ കഴിഞ്ഞ ഡിസംബര്‍ 15ന് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ ജോസ് കെ മാണിക്കെതിരായ ആരോപണം താന്‍ നിഷേധിച്ചു പറഞ്ഞിരുന്നു. എന്നാല്‍ താനെഴുതിയ കത്തില്‍ അതുണ്ടായിരുന്നു. ഇങ്ങനെ പറയാന്‍ എന്താണ് കാരണമെന്നത് സംബന്ധിച്ച് കമ്മീഷനു മുന്നില്‍ തുറന്നുപറയേണ്ടിവന്നതായും സരിത പറഞ്ഞു. സ്വകാര്യ ചാനലില്‍ താനെഴുതിയ കത്തിന്റെ കോപ്പി വന്ന സമയത്ത് കെ എം മാണിയുടെ നിര്‍ദേശപ്രകാരമാണെന്ന് പറഞ്ഞ് കൊട്ടാരക്കരയിലെ മാണിഗ്രൂപ്പിന്റെ നേതാവ് കൊട്ടാരക്കര പൊന്നച്ചന്‍, കോണ്‍ഗ്രസ് നേതാവ് തമ്പാനുര്‍ രവി എന്നിവര്‍ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ പറഞ്ഞ പ്ലാനാണ് താന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയതെന്നും കമ്മീഷനു മുന്നില്‍ തുറന്നുപറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് ചോദ്യങ്ങള്‍ നേരിട്ടതെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it