സോളാര്‍ കമ്മീഷന്‍ പരിധി വിടുന്നു: പി പി തങ്കച്ചന്‍

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുന്‍വിധിയോടെയാണ് പെരുമാറുന്നതെന്നും കമ്മീഷന്‍ പലപ്പോഴും പരിധിവിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന് തൃപ്തിയില്ല. ജഡ്ജിമാര്‍ക്ക് മാത്രമേ വിമര്‍ശിക്കാന്‍ അധികാരമുള്ളോ? ജനപ്രതിനിധികള്‍ക്ക് തിരിച്ചും വിമര്‍ശനം ആയിക്കൂടേയെന്നും അദ്ദേഹം ചോദിച്ചു. ജഡ്ജിമാര്‍ പരിധി വിട്ടാല്‍ അവര്‍ക്കെതിരെയും വിമര്‍ശനം ഉണ്ടാവും. അത് മനസ്സിലാക്കണമെന്നും തങ്കച്ചന്‍ പറഞ്ഞു.
തെറ്റുകള്‍ പറ്റാത്ത പാര്‍ട്ടിയാണ് യുഡിഎഫ് എന്ന് പറയുന്നില്ല. പക്ഷേ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുന്നതിന് ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ തുടര്‍ച്ചയായ ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിന് തെറ്റ് പറ്റിയിട്ടുണ്ട്. പേഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് ശ്രദ്ധ വേണമെന്നും തങ്കച്ചന്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഒരുപാട് കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അവ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ പ്രകടനപത്രിക തയ്യാറാക്കുക. ഘടകകക്ഷികളാരും യുഡിഎഫ് വിട്ടു പോവില്ല. അക്രമരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന സിപിഎം കണ്ണൂര്‍ ശൈലി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളയും. വര്‍ഗീയ അജണ്ടകളിലൂടെ മതേതര മൂല്യങ്ങളെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.
യുഡിഎഫിന്റെ ജില്ലാ കണ്‍വന്‍ഷനുകള്‍ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്നും ജില്ല കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ജില്ലകളില്‍ രണ്ട് മേഖലകളിലായി വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it