സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പ്: 21ന് ഹാജരായില്ലെങ്കില്‍ സരിതയ്‌ക്കെതിരേ നടപടി

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത എസ് നായര്‍ ഈ മാസം 21ന് ഹാജരായേ മതിയാവൂയെന്നും അല്ലെങ്കില്‍ കമ്മീഷന് കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍. മുമ്പ് രണ്ടു തവണ കമ്മീഷനില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് സരിത ഹാജരായിരുന്നില്ല. കഴിഞ്ഞ എട്ടിന് വീണ്ടും സരിതയുടെ അഭിഭാഷകന്‍ സമയം നീട്ടിച്ചോദിച്ചെങ്കിലും കമ്മീഷന്‍ അതനുവദിക്കാതെ ഇന്നലെ ഹാജരാവണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്നലെയും സരിത ഹാജരായില്ല.
കുടുംബ കാര്യങ്ങളുള്ളതിനാല്‍ സരിതയ്ക്ക് ഈ മാസം 28നേ ഹാജരാകാനാവൂയെന്ന് അഭിഭാഷകന്‍ സി ഡി ജോണി സിറ്റിങ് ആരംഭിച്ചയുടന്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് കമ്മീഷന്‍ തീര്‍ത്തു പറഞ്ഞു. സോളാര്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അന്വേഷിക്കുന്ന വിഷയങ്ങളില്‍ പ്രധാന സാക്ഷിയാണ്. അവരില്‍ നിന്ന് പല വിവരങ്ങളും അറിയാനുണ്ട്. സരിതയുടെ മൊഴിയെടുത്തശേഷം വേണം ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ ഉള്‍പ്പെടെ മുപ്പതോളം സാക്ഷികളെ വിസ്തരിക്കാന്‍. സരിതയില്‍ നിന്നുളള മൊഴിയെടുക്കല്‍ അവസാന ഘട്ടത്തിലാണ്. ഒന്നോ കൂടിയാല്‍ ഒന്നരയോ ദിവസമേ അവരുടെ സാന്നിധ്യം സോളാര്‍ കമ്മീഷനില്‍ ആവശ്യമുള്ളൂ. നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് ഹാജരാവാതിരുന്നാല്‍ കമ്മീഷന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവരും. അനന്തമായി തെളിവെടുപ്പു നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സരിത എസ് നായര്‍ക്ക് ഇനിയൊരു അവധി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും അവരെ കമ്മീഷനില്‍ ഹാജരാക്കുന്നതിനുള്ള അധികാര പരിധി ഉപയോഗിച്ച് വേണ്ടത് ചെയ്യണമെന്നും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ റോഷന്‍ ഡി അലക്‌സാണ്ടര്‍ പറഞ്ഞു.
സരിതയ്ക്ക് മൊഴി നല്‍കുന്നതിന് ആവശ്യമായ സമയം അനുവദിക്കണമെന്ന് കമ്മീഷനില്‍ കക്ഷിചേര്‍ന്ന ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയനുവേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന്‍ പറഞ്ഞു. സോളാര്‍ കമ്മീഷനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെതിരായ നടപടി കമ്മീഷന്‍ ഇന്നലെ അവസാനിപ്പിച്ചു. കമ്മീഷനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തങ്കച്ചന്‍ അഭിഭാഷകന്‍ പി ശാന്തലിംഗം വഴി നല്‍കിയമാപ്പപേക്ഷയും തങ്കച്ചന്‍ പറഞ്ഞത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലവും പരഗണിച്ചാണ് തങ്കച്ചനെതിരായ നടപടികള്‍ തുടരേണ്ടതില്ലെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.
തങ്കച്ചന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സര്‍ക്കാര്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി വി രവീന്ദ്രന്‍ നായര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനറാണ്. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ അഭിപ്രായം സര്‍ക്കാരിന്റെ അഭിപ്രായമല്ല. കമ്മീഷനില്‍ സര്‍ക്കാരിന് വിശ്വാസമാണ്. അതുകൊണ്ടാണ് നിശ്ചിത കാലാവധിക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാവില്ലെന്ന അപേക്ഷ പരിഗണിച്ച് സര്‍ക്കാര്‍ കമ്മീഷന് കലാവധി നീട്ടി നല്‍കിയത്. മറ്റേതെങ്കിലും കോണുകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഉയരുന്ന അഭിപ്രായപ്രകടനങ്ങള്‍ കാര്യമാക്കാതെ കമ്മീഷന്‍ സ്വന്തം ജോലിയുമായി മുന്നോട്ടു പോവുന്നതില്‍ സര്‍ക്കാരിന് എതിരഭിപ്രായമില്ലെന്നും സത്യവാങ് മൂലത്തില്‍ പറഞ്ഞു. ഈ മാസം 15ന് കമ്മീഷന്‍ തമ്പാനൂര്‍ രവിയെയും 18ന് കെസി വേണുഗോപാല്‍ എംപിയുടെ ഡ്രൈവര്‍ നാഗരാജനെയും വിസ്തരിക്കും.
Next Story

RELATED STORIES

Share it