സോളാര്‍ ഇടപാട്: സരിതയുമായി ബെന്നി ബഹനാന്‍, സലിംരാജ് എന്നിവര്‍ നടത്തിയ സംഭാഷണം പുറത്ത്

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബെന്നി ബഹനാന്‍, സലിംരാജ് എന്നിവരുമായി സരിത നടത്തുന്ന സംഭാഷണവും സരിതയുടെ സഹായിയുമായി മുഖ്യമന്ത്രിയുടെ ദൂതനെന്ന നിലയില്‍ എബ്രഹാം കലമണ്ണില്‍ നടത്തുന്ന സംഭാഷണവും പുറത്തായി. തമ്പാനൂര്‍ രവി വിളിച്ചിരുന്നോയെന്നു ചോദിച്ചുകൊണ്ടാണ് ബെന്നി ബഹനാന്‍ സംഭാഷണം ആരംഭിക്കുന്നത്. തന്നെ ആരും വിളിച്ചില്ലെന്നും താന്‍ ആരെയും വിളിച്ചില്ലെന്നും മറുപടി പറയുന്ന സരിതയോട് സഹായകരമായ നിലപാട് എടുക്കണമെന്നാണ് ബെന്നി ബഹനാന്‍ ആവശ്യപ്പെടുന്നത്.
സഹായകരമായ നിലപാട് ഒരു സൈഡില്‍ നിന്നു മാത്രം മതിയോയെന്നാണ് ഇതിനു മറുപടിയായി സരിത ചോദിക്കുന്നത്. അതെന്താണ് സാര്‍ ചിന്തിക്കാത്തതെന്നു ചോദിക്കുന്ന സരിത തനിക്ക് 48 കേസുണ്ട്, ഇതില്‍ തന്റെ മൊഴി വാല്യൂഡ് ആവുമെന്നും പറയുന്നു. നമ്മള്‍ ഇവിടുണ്ടല്ലോയെന്നു പറയുന്ന ബെന്നി ബഹനാനോട് അവസാനം താന്‍ മാത്രം ഉത്തരം പറയേണ്ട അവസ്ഥയിലെത്തുമെന്ന് സരിത പറയുന്നു. അതൊന്നും ഉണ്ടാവില്ലെന്നു പറഞ്ഞ് ബെന്നി ബഹനാന്‍ സരിതയ്ക്ക് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇത് താനെങ്ങനെ വിശ്വസിക്കുമെന്ന് ബെന്നി ബഹനാനോട് സരിത തിരിച്ചുചോദിക്കുന്നു.
ഓരോരുത്തരും എന്തെല്ലാം വാഗ്ദാനം നല്‍കിയിട്ടാണ് ഇപ്പോള്‍ മാറിനില്‍ക്കുന്നത്. അവസാനം താന്‍ മാത്രം സമ്മര്‍ദ്ദത്തിലാവുന്ന സാഹചര്യം വരും. തരാതരം പോലെ എല്ലാവരും മാറി പറയും. അവസാനം എല്ലാവരും തന്നെ പറയും. താന്‍ ആ മൊഴി പറഞ്ഞില്ല. അതല്ലെങ്കില്‍ മാറ്റിപ്പറഞ്ഞു എന്നൊക്കെ പറയും. എനിക്കും ജീവിക്കണ്ടേ. ഒരു തീരുമാനവും എടുക്കാതെ അങ്ങനെ പറഞ്ഞോ ഇങ്ങനെ പറഞ്ഞോ എന്നു പറഞ്ഞാല്‍ താന്‍ എന്തുചെയ്യണം. എന്താ വേണ്ടതെന്നു താനും ചിന്തിക്കാം. തനിക്ക് എല്ലാം വ്യക്തമായി മനസിലായി വരുന്നുണ്ട്.
അബ്ദുല്ലക്കുട്ടിയുടെ കാര്യത്തില്‍ ഇനിയും താന്‍ എന്തെങ്കിലും ആരോപണം പറഞ്ഞാല്‍ അതും ഇതുപോലല്ല. തെളിവുസഹിതമുള്ള കാര്യങ്ങളേ എന്റെ പക്കലുള്ളൂ. ഉമ്മന്‍ചാണ്ടി ശ്രീധരന്‍ നായരെ കണ്ടില്ലയെന്നാണ് താന്‍ മൊഴി പറയേണ്ടത് എന്നാല്‍, കണ്ടതിന് തന്റെ പക്കല്‍ തെളിവുണ്ട്. ഇവര്‍ തമ്മില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം ഉണ്ട്. അബ്ദുല്ലക്കുട്ടിയുടെ കാര്യത്തില്‍ പോലും സപ്പോര്‍ട്ട് താന്‍ കണ്ടു. ഒന്നു മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നില്ലേ. അങ്ങനെ പോലും ചെയ്യാത്തവരാണ് ഇനി താന്‍ സോളാര്‍ കമ്മീഷനുമുന്നില്‍ അനുകൂലമായി മൊഴി നല്‍കിക്കഴിയുമ്പോള്‍ ചെയ്യാന്‍ പോവുന്നതെന്നും സരിത പറയുന്നു.
സലിംരാജും സരിതയും തമ്മിലുള്ള സംഭാഷണത്തില്‍ മൊഴി എങ്ങനെ നല്‍കണമെന്ന് സലിംരാജ് സരിതയെ പറഞ്ഞുപഠിപ്പിക്കുന്ന കാര്യങ്ങളാണുള്ളത്. സംഭവം ഒത്തുതീര്‍പ്പില്‍ എത്തിക്കുന്നതിനായി എബ്രാഹം കലവണ്ണ സരിതയുടെ സഹായിയോട് സംസാരിക്കുന്ന വിവരങ്ങളാണ് ഇവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഉള്ളത്.
Next Story

RELATED STORIES

Share it