സോളാര്‍ ഇടപാട്: മുഖ്യമന്ത്രിയെ ജുഡീഷ്യല്‍ കമ്മീഷന്‍ വിസ്തരിച്ചു; സര്‍ക്കാരിന് നഷ്ടമില്ല

തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ സര്‍ക്കാരിന് സാമ്പത്തികനഷ്ടമുണ്ടായിട്ടില്ലെന്നും ഇതു പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനായ ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ സാക്ഷിവിസ്താരത്തിനു മുന്നോടിയായാണ് ഉമ്മന്‍ചാണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ക്രഷര്‍ ഉടമ ശ്രീധരന്‍ നായരോടൊപ്പം സരിത എസ് നായരെ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ കണ്ടെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു.
ശ്രീധരന്‍നായരെ കണ്ടതു ശരിയാണ്. ക്രഷര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതുപ്രകാരമാണ് കാണാന്‍ അനുമതി നല്‍കിയത്. ഈ സമയത്ത് സരിത സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്നോ എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്രീധരന്‍നായര്‍ വന്ന സമയത്ത് സരിത അവിടെ ഉണ്ടായിരുന്നുവെന്ന് തെക്കന്‍ മേഖലാ എഡിജിപി എ ഹേമചന്ദ്രന്റെ മൊഴിയിലുള്ളതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഓഫിസിനകത്തും വെളിയിലും താന്‍ ആളുകളോട് സംസാരിക്കാറുണ്ടെന്നും ആരൊക്കെ വന്നുവെന്ന് കൃത്യമായി അറിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് സരിത അറിയിച്ചിരുന്നു. അതിന് അനുമതി നല്‍കുകയും പണം തരുകയും ചെയ്തു. ഇതിന് മുഖ്യമന്ത്രിയുടെ ലെറ്റര്‍ഹെഡില്‍ നന്ദി അറിയിച്ചിരുന്നു. എന്നാല്‍, ഈ ലെറ്റര്‍ഹെഡ് പിന്നീട് ദുരുപയോഗം ചെയ്തു.
ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ സരിത തന്നെ കാണാന്‍ അപ്പോയിന്‍മെന്റ് എടുത്തതായി തോമസ് കുരുവിള മൊഴിനല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. കനത്ത സുരക്ഷയുള്ള അവിടെ സരിതയെത്താന്‍ വഴിയില്ല. അവിടെ വച്ച് സരിതയെ കണ്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ടീം സോളാറിനെക്കുറിച്ച് തനിക്ക് അറിയില്ല. എന്നാല്‍, സരിത രണ്ടുതവണ ഓഫിസില്‍ വന്നിരുന്നു. സോളാര്‍ കേസില്‍ പൊതുതാല്‍പര്യം പരിഗണിച്ചില്ലെന്നു പറഞ്ഞ കമ്മീഷന്‍, വിശദമായ അന്വേഷണം നടന്നോ എന്നും പരാതികള്‍ കേന്ദ്രീകരിച്ചാണോ അന്വേഷണമെന്നും മുഖ്യമന്ത്രിയോട് ചോദിച്ചു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സമഗ്രമായി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യവും നല്‍കി. ആരു തെറ്റുചെയ്താലും സത്യം പുറത്തുവരണമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി ഹേമചന്ദ്രന്റെ മൊഴിയും മുഖ്യമന്ത്രി പറയുന്നതും തമ്മില്‍ വൈരുധ്യമുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതേപ്പറ്റിയുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ല. അതേസമയം, സരിതയെ കണ്ടെന്ന ആരോപണത്തില്‍ നേരത്തേ നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ തനിക്ക് പിശകുപറ്റിയതായി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. തിയ്യതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളാണ് നിയമസഭയില്‍ വിശദീകരിച്ചത്. ഇതാണ് പിഴവിനു കാരണം. ദേശീയ വികസന യോഗത്തിന് 2012 ഡിസംബര്‍ 29ന് ഡല്‍ഹിയില്‍ പോയെന്നാണ് നിയമസഭയില്‍ പറഞ്ഞത്.
എന്നാല്‍, വിജ്ഞാന്‍ഭവനില്‍ വച്ചുള്ള ഈ യോഗം നടന്നത് 27നാണ്. മാസങ്ങള്‍ക്കു മുമ്പു നടന്ന യോഗത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തെറ്റിപ്പോയെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. സോളാര്‍ കേസ് പ്രതികളെ സഹായിക്കാന്‍ താനോ തന്റെ ഓഫിസോ കൂട്ടുനിന്നിട്ടില്ല. എന്നാല്‍, തന്റെ പേഴ്‌സനല്‍ സ്റ്റാഫിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി. ഇതേത്തുടര്‍ന്ന് ആരോപണവിധേയരെ ഒഴിവാക്കിയിരുന്നു. ബിജു രാധാകൃഷ്ണന്‍ തന്നെ കണ്ടത് വ്യക്തിപരമായി പരാതി പറയാനാണ്. അതിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൈക്കാട് ഗസ്റ്റ്ഹൗസില്‍ രാവിലെ 11ന് ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നീണ്ടു. തുടര്‍ന്ന് വാദിഭാഗം അഭിഭാഷകര്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചു.
Next Story

RELATED STORIES

Share it