സോളാര്‍ ആരോപണം; മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: കോടിയേരി

കണ്ണൂര്‍: സോളാര്‍ അഴിമതിക്കേസിലും സരിതയുമായി ബന്ധപ്പെട്ട ആരോപണത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂരില്‍ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎന്‍എ) 58ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലിസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത പെന്‍ഡ്രൈവും സിഡികളും മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം. ബിജു രാധാകൃഷ്ണന്‍ സിഡി ഹാജരാക്കിയില്ലെങ്കിലും പോലിസിന്റെ കൈയിലുള്ള സിഡി പരിശോധിച്ചാല്‍ എല്ലാം വ്യക്തമാവും. ബിജു പറയുന്ന സിഡികള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല. അവ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈയിലുണ്ട്. ഇവ മാധ്യമങ്ങളുടെ മുന്നില്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ. മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടര്‍ന്നാല്‍ സരിതയുടെ 25 പേജുള്ള കത്ത് മൂന്നു പേജ് ആയതുപോലെ ബിജുരാധാകൃഷ്ണന്റെ കൈയിലുള്ള സിഡികളും അപ്രത്യക്ഷമാവുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മീഷനെ വെല്ലുവിളിക്കുകയാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. കേരളം കണ്ട ഏറ്റവും ഉജ്ജ്വലമായ ബഹുജനസമരത്തിനു മുന്നില്‍ മുട്ടുമടക്കിയാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അല്ലാതെ സത്യം പുറത്തുവരട്ടെ എന്ന് ഉമ്മന്‍ചാണ്ടി സ്വമേധയാ കരുതിയതു കൊണ്ടല്ലെന്നും പിണറായി കുറിച്ചു.
Next Story

RELATED STORIES

Share it