സോളാര്‍പാര്‍ക്ക്: അമ്പലത്തറയില്‍ 486 ഏക്കര്‍ സ്ഥലം അനുവദിച്ചു

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോഡ്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (സെക്കി) ജില്ലയില്‍ സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് താലൂക്കിലെ മടിക്കൈ പഞ്ചായത്തിലെ അമ്പലത്തറ വില്ലേജി ല്‍ 486 ഏക്കര്‍ സ്ഥലം അനുവദിച്ചു. ഇതിന്റെ രേഖകള്‍ സോളാര്‍ കോര്‍പറേഷന് കൈമാറുകയും സ്ഥലം അതിര്‍ത്തി തിരിച്ച് കല്ലു വച്ച് സംരക്ഷിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുകയും ചെ യ്തിട്ടുണ്ട്.
അതിനിടെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ, മീഞ്ച വില്ലേജുകളിലായി 250 ഏക്കര്‍ സ്ഥലം സോളാര്‍ പാര്‍ക്ക് നിര്‍മാണത്തിനു നല്‍കാന്‍ നേരത്തേ ധാരണയായിരുന്നു. കിന്‍ഫ്രയുടെ കീഴില്‍ ഉണ്ടായിരുന്ന സ്ഥലം ഒന്നിലേറെ തവണ അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ അവകാശവാദവുമായി സ്ഥലം കൈയേറ്റക്കാര്‍ എത്തിയതോടെ മഞ്ചേശ്വരത്തെ സോളാര്‍ പാര്‍ക്ക് ശ്രമം ഉപേക്ഷിച്ചു. ജില്ലയില്‍ 1000 ഏക്കര്‍ സ്ഥലം സോളാര്‍ പാര്‍ക്ക് നിര്‍മിക്കാന്‍ നല്‍കാമെന്ന് നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ധാരണാപത്രത്തി ല്‍ ഒപ്പുവച്ചിരുന്നു. പദ്ധതിക്കായി 50 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
പൈവളിഗെ പഞ്ചായത്തിലെ കുമ്മങ്കളയില്‍ 207 ഏക്കറും മീഞ്ച പഞ്ചായത്തി ല്‍ 43 ഏക്കറും സ്ഥലം നല്‍കാനായിരുന്നു ധാരണ. എന്നാല്‍, ഇതനുസരിച്ച് മഞ്ചേശ്വരം തഹസില്‍ദാറുടെ നേതൃത്വത്തില്‍ സ്ഥലം അളന്നപ്പോള്‍ അവകാശവാദവുമായി പരിസരവാസികള്‍ എത്തുകയായിരുന്നു. കിന്‍ഫ്രയ്ക്ക് കൈമാറാതിരുന്ന റവന്യൂ ഭൂമിയാണ് ഇപ്പോള്‍ അന്യാധീനപ്പെട്ടത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഇവിടെ കുംക്കി എന്ന പേരിലാണ് പൊതു അവശ്യത്തിന് ഭൂമി സംരക്ഷിച്ചിരുന്നത്. പരിസരത്തെ ചിലര്‍ ഈ സ്ഥലത്തുനിന്ന് പച്ചിലവളങ്ങള്‍ തോട്ടങ്ങളിലേക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍, പച്ചിലവളങ്ങള്‍ എടുക്കാന്‍ മാത്രം നല്‍കിയിരുന്ന അവകാശം ഉപയോഗിച്ച് ചിലര്‍ ഭൂമി തന്നെ സ്വാധീനപ്പെടുത്തി കൈക്കലാക്കുകയായിരുന്നുവെന്ന് പൈവളിഗെ വില്ലേജ് ഓഫിസര്‍ തേജസിനോട് പറഞ്ഞു. നേരത്തേ ഈ സ്ഥലത്ത് ഇലക്‌ട്രോണിക്‌സ് ഫാക്ടറി നി ര്‍മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
വ്യവസായ വകുപ്പിനു കീഴില്‍ പൊന്നും വിലയുള്ള സ്ഥലമാണ് അതിര്‍ത്തി മേഖലയില്‍ വ്യാപകമായി കൈയേറിയത്. റവന്യൂ വകുപ്പിനു കീഴില്‍ എത്ര ഏക്കര്‍ സ്ഥലം ഉണ്ടെന്നു പോലും ബന്ധപ്പെട്ട വില്ലേജ് അധികൃതര്‍ക്ക് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്. കിന്‍ഫ്രപാര്‍ക്കിനു വേണ്ടി സ്ഥലം അളന്നപ്പോള്‍ പലരും രേഖകളുമായി ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. പ്രസ്തുത സ്ഥലം തങ്ങള്‍ വിലയ്ക്കു വാങ്ങിയതാണെന്നും മുന്‍കാലങ്ങളില്‍ പലരും സ്വന്തപ്പെടുത്തി മറിച്ചുവില്‍ക്കുകയായിരുന്നു എന്നുമാണ് സ്ഥലം ലഭിച്ചവര്‍ പറയുന്നത്. വിമുക്ത ഭടന്മാര്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും നീക്കിവച്ച സ്ഥലവും ഇവിടെയുണ്ട്. ഇത്തരം സ്ഥലങ്ങളാണ് ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈവശപ്പെടുത്തിയത്. വൈദ്യുതി പ്രതിസന്ധി ഏറ്റവും രൂക്ഷമായ കാസര്‍കോഡ് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പദ്ധതി നഷ്ടപ്പെടുന്ന അവസ്ഥയാണ്. മഞ്ചേശ്വരം, കാസര്‍കോഡ് പ്രദേശങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപകമായി റവന്യൂ ഭൂമി കൈയേറി ചിലര്‍ കുത്തകയാക്കിവച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിക്ക് ആവശ്യമായ സ്ഥലം പലപ്പോഴും ലഭിക്കാറില്ല.
കേന്ദ്ര സര്‍വകലാശാലയ്ക്കു വേണ്ടി പെരിയയില്‍ നേരത്തേ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 310 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. പിന്നീട് ഇതിന് തൊട്ടടുത്തായി 50 ഏക്കര്‍ സ്ഥലവും അനുവദിച്ചിരുന്നു. ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള സംസ്ഥാനത്തെ ഏക ജില്ലയാണ് കാസര്‍കോഡ്. എന്നിട്ടും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കൈയേറുന്നത് മൂലം പദ്ധതികള്‍ പലതും അവതാളത്തിലാവുകയാണ്.
Next Story

RELATED STORIES

Share it