സോമാലിയ: വിവാദം പ്രധാനമന്ത്രി ഉദ്ദേശിച്ചത് അട്ടപ്പാടി മാത്രം- മനോഹര്‍ പരീക്കര്‍

ആലപ്പുഴ: കേരളത്തെ സോമാലിയയോട് പ്രധാനമന്ത്രി ഉപമിച്ചെന്ന വിവാദം അനാവശ്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അട്ടപ്പാടിയിലെ പ്രാദേശിക ജീവിതനിലവാരം സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ള പഠനം ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പൂര്‍ണമായും ശരിയാണെന്നും പരീക്കര്‍ പറഞ്ഞു.
ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടന്ന ജനസമക്ഷം 2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വിവാദം ബിജെപിയെ ദോഷകരമായി ബാധിക്കില്ല. എല്ലാ വിഷയങ്ങളിലും കേരളവും ഗോവയും ഒന്നാമതോ രണ്ടാമതോ ആണ്. എന്നാല്‍, അട്ടപ്പാടിയിലെ ഗ്രാമീണജനതയുടെ ജീവിതനിലവാരം ഉയര്‍ത്തിക്കാണിക്കുക മാത്രമാണ് മോഡി ചെയ്തത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും. നിയമപരമായ തടസ്സംമാത്രമാണ് ഇപ്പോഴുള്ളത്. 2013ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണി രാജ്യസഭയില്‍ അഴിമതി നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതിയില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇടപാട് നടന്നത്. ഇടപാടില്‍ പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെല്ലാം യുപിഎ സര്‍ക്കാ ര്‍ ഗവര്‍ണര്‍ സ്ഥാനം ഉള്‍പ്പെടെ നല്‍കി. 16ന് തിരഞ്ഞെടുപ്പ് കഴിയും വരെ മുഖം രക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്. ഇടപാടിന് പിന്നിലെ വന്‍സ്രാവുകളെ പുറത്തുകൊണ്ടുവരും. അന്വേഷണം നേരായ പാതയിലാണ്.
ഹെലികോപ്റ്ററിന്റെ യഥാര്‍ഥ വില 162- 170 വരെയായിരിക്കെ 300 കോടിക്കാണ് ഇടപാട് നടത്തിയത്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ മെയ്ക്ക് ഇ ന്‍ ഇന്ത്യയുടെ ഭാഗമാക്കിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പി ല്‍ മൂന്നാം മുന്നണിയുടെ മുന്നേറ്റമുണ്ടാവും. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് അഴിമതി മൂടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ്, സെക്രട്ടറി ജി ഹരികൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it