സോമാലിയ പരാമര്‍ശം: സാമൂഹിക മാധ്യമങ്ങളില്‍ മോദിക്കെതിരേ പ്രതിഷേധം

പി പി ഷിയാസ്

തിരുവനന്തപുരം: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഹാഷ്ടാഗ് കാംപയിന്‍. നരസിംഹം സിനിമയില്‍ മോഹന്‍ ലാലിന്റെ പോ മോനേ ദിനേശാ എന്ന ഹിറ്റ് ഡയലോഗിനെ ഓര്‍മിപ്പിക്കുംവിധം പോ മോനേ മോദി എന്ന ഹാഷ്ടാഗിലാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം.
കേരളത്തെയും സോമാലിയയെയും അപമാനിച്ചവര്‍ക്ക് ജനാധിപത്യവിശ്വാസികള്‍ വോട്ട് നല്‍കുമോ എന്നതാണ് ഫേസ്ബുക്കിലെ പ്രധാന ചോദ്യം. കേരളം ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നവും വികസിതവുമായ സംസ്ഥാനമാണെന്നും ഞങ്ങള്‍ക്കു താങ്കളുടെ ഫോട്ടോഷോപ്പ് വികസനം ആവശ്യമില്ലെന്നുമാണ് ട്വിറ്ററിലെ ഒരു ട്വീറ്റ്. കേരളം സോമാലിയയാണ് സമ്മതിച്ചു, എന്നാല്‍ 60% പേര്‍ റോഡിലും റെയില്‍പാളത്തിലും മലവിസര്‍ജനം നടത്തുന്ന ഗുജറാത്ത് സ്വിറ്റ്‌സര്‍ലന്റാണല്ലോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സംഭവം വിവാദമായതോടെ കേരളത്തിലെ ശിശുമരണനിരക്ക് സോമാലിയയുടേതുപോലെയാണെന്നാണു മോദി പറഞ്ഞതെന്ന വാദവുമായി ബിജെപി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ അതിനെയും പൊളിച്ചടുക്കി.
ഇന്ത്യയിലെ ശിശുമരണ നിരക്ക് 40 ആണെങ്കില്‍ കേരളത്തില്‍ ഇത് 12 മാത്രമാണ്, എന്നാല്‍, ഗുജറാത്തിലേത് 36 ആണെന്നും പ്രതിഷേധക്കാര്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിക്കുന്നു. മോദി, ആരാണ് കേരളം സോമാലിയ ആണെന്നു നിങ്ങളെ പഠിപ്പിച്ചത് എന്നും ചോദ്യം ഉയര്‍ന്നു. മലയാളികള്‍ ഒരുവര്‍ഷം തേച്ചുകുളിക്കുന്ന സോപ്പിന്റെ കാശുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഗുജറാത്തില്‍ എല്ലാവര്‍ക്കും കക്കൂസ് പണിതുനല്‍കാമെന്ന് ശ്രീഹര്‍ഷന്‍ വാസു പറയുന്നു. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ശ്രീശാന്ത് എന്നിവര്‍ വയറൊട്ടി, വാരിയെല്ലു തെളിഞ്ഞ കുട്ടികളുടെ രൂപത്തില്‍ ഇരിക്കുന്ന ചിത്രമിട്ട് കൊടുംപട്ടിണിയില്‍ കരഞ്ഞു തളര്‍ന്ന സോമാലിയന്‍ കുഞ്ഞുങ്ങള്‍ എന്ന് മറ്റൊരു ട്രോളും പ്രചരിക്കുന്നുണ്ട്.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശത്രുതയിലാണെങ്കിലും പല കാര്യത്തിലും ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സോമാലിയയോട് ഉപമിച്ചാല്‍ ഞങ്ങള്‍ പാര്‍ട്ടി മറന്ന് ഒരുമിച്ച് പൊങ്കാലയിടുമെന്നും ജനങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ഇതിനിടെ സോഷ്യല്‍മീഡിയയിലെ പോ മോനേ മോദി ഹാഷ് ടാഗ് കാംപയിന്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സോമാലിയന്‍ താരതമ്യത്തിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നു എന്നായിരുന്നു ബിബിസിയിലെ വാര്‍ത്ത.
Next Story

RELATED STORIES

Share it