സോമാലിയ പരാമര്‍ശം; മോദിക്കെതിരേ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: കേരളത്തെ സോമാലിയയോട് ഉപമിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിനെതിരേ വ്യാപക പ്രതിഷേധം. നരേന്ദ്രമോദിയുടെ പ്രസ്താവന തികച്ചും വാസ്തവവിരുദ്ധവും അസംബന്ധവുമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇത്തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ മോദി മുമ്പും നടത്തിയിട്ടുണ്ട്. നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കു തിരഞ്ഞെടുപ്പില്‍ കേരളജനത മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മോദി നടത്തിയ പരാമര്‍ശത്തിലൂടെ ഒന്നുകില്‍ ബിജെപി സര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് എന്നാണു മനസ്സിലാക്കേണ്ടത്. അല്ലെങ്കില്‍ പ്രധാനമന്ത്രി മനപ്പൂര്‍വ്വം ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്.
കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും. എല്‍ഡിഎഫ് ജയിച്ചാല്‍ വി എസ് അച്യുതാനന്ദനെ എല്‍ഡിഎഫ് ചെയര്‍മാനാക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും യെച്ചൂരി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
മോദിയെ അടിയന്തരമായി സോമാലിയക്കു വിടണമെന്ന് കോണ്‍ഗ്രസ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. നിരവധി വിദേശരാജ്യങ്ങള്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സോമാലിയ കണ്ടിട്ടില്ല. അതിനാല്‍ അദ്ദേഹത്തിനു സോമാലിയ സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രാലയം ഉടന്‍ സൗകര്യമൊരുക്കണം. കേരളത്തിലെ അവസ്ഥകളെ സോമാലിയയോടു താരതമ്യപ്പെടുത്തിയത് നിര്‍ഭാഗ്യകരമാണ്. കേരളത്തേക്കാള്‍ ഗുജറാത്ത് ആയിരുന്നു സോമാലിയയോട് ഉപമിക്കാന്‍ അര്‍ഹമായ സംസ്ഥാനമെന്നും ഇതുപോലുള്ള പ്രസ്താവനകള്‍ പ്രധാനമന്ത്രിയുടെ പദവിക്കു നിരക്കാത്തതാണെന്നും സിബല്‍ പറഞ്ഞു. കേരളം സോമാലിയയാണെങ്കില്‍ ഗുജറാത്ത് അഫ്ഗാനിസ്താനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it