Gulf

സോമാലിയയിലെ ക്ഷയരോഗ കേന്ദ്രത്തില്‍ ഖത്തര്‍ റെഡ്ക്രസന്റ് സഹായം

ദോഹ: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ബനാദിര്‍ ഏരിയയിലുള്ള ക്ഷയരോഗ ചികില്‍സാ കേന്ദ്രത്തില്‍ ഖത്തര്‍ റെഡ്ക്രസന്റിന്റെ സ്ഥിരം സഹായ പദ്ധതി ആരംഭിച്ചു.
സോമാലിയന്‍ ആരോഗ്യ മന്ത്രാലയം, സോമാലിയയിലെ ലോകാരോഗ്യ സംഘടനാ ഓഫിസ്, വേള്‍ഡ് വിഷന്‍ ഓര്‍ഗനൈസേഷന്‍, ഒഐസി എന്നിവയുമായി സഹകരിച്ചുകൊണ്ട് കേന്ദ്രത്തിന്റെ നടത്തിപ്പിനു റെഡ്ക്രസന്റ് നേതൃത്വം നല്‍കും.
സോമാലിയയുടെ കിഴക്ക്, മധ്യ, തെക്ക് ഭാഗങ്ങളിലെ ക്ഷയരോഗികള്‍ക്കുള്ള ഏക ചികില്‍സാ കേന്ദ്രമാണിത്. സോമാലിയയുടെ വടക്കന്‍ പ്രദേശമായ ഹെര്‍ഗിസ പട്ടണത്തിലാണ് ക്ഷയരോഗികളുടെ ചികില്‍സയ്ക്കായി മറ്റൊരു കേന്ദ്രമുള്ളത്.
ക്ഷയരോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കുകയാണ് ഖത്തര്‍ റെഡ്ക്രസന്റിന്റെ പ്രധാന ലക്ഷ്യം. കൂടാതെ രോഗികള്‍ക്ക് ആശ്വാസം നല്‍കുകയും കുടുംബാംഗങ്ങളിലേക്ക് രോഗം പടരുന്നത് തടയുകയുമാണ് സഹായ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
പദ്ധതിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒന്നാം ഘട്ടത്തില്‍ 4,45,000 അമേരിക്കന്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഖത്തര്‍ റെഡ്ക്രസന്റും വേള്‍ഡ് വിഷനും ചേര്‍ന്നാണ് ഈ ചെലവ് വഹിക്കുക. ഒന്നാം ഘട്ടത്തില്‍ 1640 രോഗികളുടെ ചികില്‍സയാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ 30,000 കുടുംബങ്ങളെ ക്ഷയരോഗ ഭീഷണിയില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കും.
ക്ഷയരോഗ കേന്ദ്രത്തിന്റെ കെട്ടിട പുനര്‍നിര്‍മാണം, ഫര്‍ണിച്ചറുകള്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുക, വൈദ്യ സംഘത്തെ തയ്യാറാക്കുക, പ്രാദേശിക ടീമിനെ കണ്ടെത്തുകയും രോഗ നിര്‍ണയത്തിനും ചികില്‍സയ്ക്കുമുള്ള പരിശീലനം നല്‍കുക, രോഗത്തെക്കുറിച്ച് ഫീല്‍ഡ് സര്‍വെ നടത്തുക തുടങ്ങിയ കാര്യങ്ങളും ഒന്നാം ഘട്ട ലക്ഷ്യത്തില്‍പ്പെട്ടതാണ്.
Next Story

RELATED STORIES

Share it