സോമാലിയന്‍ വിമാനത്തിലെ സ്‌ഫോടനം; ബോംബ് ഘടിപ്പിച്ചത് ലാപ്‌ടോപ്പില്‍

മൊഗാദിഷു: സോമാലിയയില്‍ വിമാനത്തിലുണ്ടായ സ്‌ഫോടനം ലാപ്‌ടോപ്പില്‍ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘം. ഇതു സ്ഥിരീകരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ സോമാലിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. സ്‌ഫോടനവുമായി ബന്ധമുള്ള 20 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്.
സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍നിന്നു പറന്നുയര്‍ന്ന എ-321 വിമാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വിമാനത്തില്‍ വലിയ ദ്വാരം രൂപപ്പെടുകയും ഇതിലൂടെ വീണ് ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. താഴെ വീണ് മരിച്ചയാളാണ് സ്‌ഫോടനം നടത്തിയതെന്നാണ് വിവരം.
സ്‌ഫോടനത്തിനു ശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയിരുന്നു. അറസ്റ്റിലായവരില്‍ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ലാപ്‌ടോപ്പ് സ്‌ഫോടനം നടത്തിയയാള്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളാണ് രഹസ്യാന്വേഷണവിഭാഗം പുറത്തുവിട്ടത്.
ഇരുവരെയും അന്വേഷണസംഘം ചോദ്യംചെയ്തു വരുകയാണ്. സ്‌ഫോടനമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വിമാനത്തിന്റെ ഇന്ധന ടാങ്കിനോട് ചേര്‍ന്നുള്ള ഇരിപ്പിടമാണ് സ്‌ഫോടനം നടത്താന്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, വിമാനം ആവശ്യമായ ഉയരത്തില്‍ എത്തുന്നതിനു മുമ്പെ സ്‌ഫോടനം നടന്നതിനാല്‍ വന്‍ അപകടം വഴിമാറുകയായിരുന്നു.
Next Story

RELATED STORIES

Share it