സോണിയാ ഗാന്ധിക്കെതിരേ പരാമര്‍ശം; പ്രധാനമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ്

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ സോണിയാഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗം ശാന്താറാം നായക്കും ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുമാണ് നോട്ടീസ് നല്‍കിയത്. പ്രധാനമന്ത്രി സഭയ്ക്കകത്തും പുറത്തും അഴിമതിയെപ്പറ്റി സംസാരിക്കുമെന്നും അദ്ദേഹത്തിന്റെ വായ മൂടിക്കെട്ടാന്‍ ശ്രമിക്കരുതെന്നും രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഹെലികോപ്റ്റര്‍ ഇടപാടില്‍ യുപിഎ നേതാക്കള്‍ പണം വാങ്ങിയെന്ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രി പരീക്കറും വ്യാജ പ്രസ്താവന നടത്തിയെന്നായിരുന്നു ശാന്തറാം നായക് രാജ്യസഭയില്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് റാലിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരേയുള്ള മറ്റൊരു നേതാവിന്റെ പ്രസംഗം അവകാശലംഘന വിഷയമാവാന്‍ തുടങ്ങിയത് എന്നുമുതലാണെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചത്. സഭയ്ക്കു പുറത്തു നടക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുവേണ്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ജെയ്റ്റ്‌ലിയുടെ പ്രതികരണത്തിനുശേഷം രാജ്യസഭാ ഉപാധ്യക്ഷന്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച അനുവദിച്ചില്ല. ലോക്‌സഭയില്‍ ശൂന്യവേളയില്‍ നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന സ്പീക്കറുടെ നടപടിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വച്ചു.
ആരോപണ രാഷ്ട്രീയവും ജനാധിപത്യ ഹത്യയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അവര്‍ സഭയുടെ നടുത്തളത്തിലിറങ്ങി.
Next Story

RELATED STORIES

Share it