സോണിയക്കെതിരായ മോദി നീക്കം: നിലപാടിലുറച്ച് കോപ്റ്റര്‍ ഇടനിലക്കാരന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇറ്റാലിയന്‍ നാവികരെ വിട്ടയക്കാന്‍ ധാരണയുണ്ടാക്കിയെന്ന വെളിപ്പെടുത്തലില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ജയിംസ് ക്രിസ്ത്യന്‍ മിഷേല്‍. അന്താരാഷ്ട്ര കോടതിയെയാണ് മോദി-റെന്‍സി ധാരണയെക്കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നത്.
2015 സപ്തംബറില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയപ്പോഴാണ് മോദി റെന്‍സിയെക്കണ്ടത്. സോണിയ ഗാന്ധിയുടെ കുടുംബത്തിനെതിരായ വിവരങ്ങള്‍ കൈമാറിയാല്‍ നാവികരെ വിട്ടയക്കാമെന്നായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള ധാരണയെന്നും മിഷേല്‍ പറഞ്ഞിരുന്നു. 2015 സപ്തംബര്‍ 24നോ 25നോ ആണ് കൂടിക്കാഴ്ച നടന്നതെന്നാണ് മൂന്നു വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വിവരമെന്നും അദ്ദേഹം വെളിപ്പെടുത്തി. ദുബയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മുന്‍ നിലപാട് ആവര്‍ത്തിച്ചത്.
360 കോടി രൂപയുടെ അഴിമതി നടന്ന ഹെലികോപ്റ്റര്‍ ഇടപാടില്‍ തനിക്കെതിരേ ഇറ്റലിയിലെ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ വ്യാജമാണ്. പ്രതിരോധ ഇടനിലക്കാരനായിരുന്ന തന്റെ പിതാവ് വൂള്‍ഫാങ് മിഷേലിനാണ് ഇന്ത്യയുമായി ബന്ധമുണ്ടായിരുന്നത്. താന്‍ തന്റെ ജീവിതത്തിലിതുവരെ ഒരു ഗാന്ധിയേയും കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
Next Story

RELATED STORIES

Share it