സോണിയക്കു മുമ്പില്‍ നിലപാട് കടുപ്പിച്ച് സുധീരനും ഉമ്മന്‍ചാണ്ടിയും; തര്‍ക്കം മുറുകുന്നു

കെ എ സലിം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും മുന്‍നിലപാടില്‍ ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടും കീറാമുട്ടിയായി തുടരുന്നു. നാലാംദിനമായ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് വിഷയത്തില്‍ സോണിയ നേരിട്ട് ഇടപെട്ടത്. ഇന്നലെ അവര്‍ ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ എന്നിവരുമായി വെവ്വേറെ ചര്‍ച്ചകള്‍ നടത്തി. നേതാക്കളുടെ വാദം കേള്‍ക്കുകയല്ലാതെ പ്രശ്‌നപരിഹാരത്തിനായി ഫോര്‍മുല മുന്നോട്ടുവയ്ക്കാന്‍പോലും സോണിയക്കായില്ല. പാര്‍ട്ടി അധ്യക്ഷ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശം കേരളഹൗസില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടിക്കും സുധീരനും ഇന്നലെ രാവിലെ ലഭിച്ചിരുന്നു.
ആരെയും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നും ഏകപക്ഷീയ നടപടികളുണ്ടായാല്‍ മല്‍സരരംഗത്തുനിന്ന് താനും പിന്മാറുമെന്നുമുള്ള ഭീഷണി ഉമ്മന്‍ചാണ്ടി സോണിയക്ക് മുന്നിലും ആവര്‍ത്തിച്ചു. ഒപ്പമുള്ളവരെ വെട്ടിനിരത്തി തന്നെ ഒറ്റപ്പെടുത്താനും അപമാനിക്കാനുമാണ് സുധീരന്റെ നീക്കമെന്നും ഉമ്മന്‍ചാണ്ടി പരാതിപ്പെട്ടു. എന്നാല്‍, ആരോപണവിധേയര്‍ മല്‍സരിച്ചാല്‍ അതു പാര്‍ട്ടിക്ക് വലിയതോതില്‍ ദോഷം ചെയ്യുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ ന്യായീകരണം. ഇതോടെ സോണിയക്കു മറുപടിയുണ്ടായില്ല. സുധീരന്റെ നിലപാടില്‍ അണികള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെന്ന നിഗമനത്തിലാണ് ഹൈക്കമാന്‍ഡ്.
അതേസമയം, സമവായശ്രമങ്ങള്‍ ഇന്നും തുടരുമെന്നാണു സൂചന. ഇരുനേതാക്കളും നിലപാടില്‍ അയവുവരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കേണ്ടിവരും. സംസ്ഥാനനേതൃത്വം തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ഏതുവിധേനയും പ്രശ്‌നം പരിഹരിക്കാന്‍ ഫോര്‍മുലയുണ്ടാക്കണമെന്ന് സോണിയ നിര്‍ദേശിച്ചു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെയും മധ്യസ്ഥശ്രമം നടത്തിയതോടെ ഉമ്മന്‍ചാണ്ടി പൊട്ടിത്തെറിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നാലില്‍ രണ്ടുപേരെയെങ്കിലും മാറ്റിനിര്‍ത്തി പ്രശ്‌നം പരിഹരിക്കുകയെന്ന ഫോര്‍മുലയുമായി ഇന്നലെ രാവിലെ ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ടപ്പോഴാണ് ചെന്നിത്തലയോട് ക്ഷുഭിതനായത്.
രാവിലെ തന്നെ സീറ്റ് ചര്‍ച്ച പുനരാരംഭിച്ചിരുന്നു. സുധീരന്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട എ ടി ജോര്‍ജ് എംഎല്‍എ എന്തുസംഭവിച്ചാലും മല്‍സരിക്കുമെന്ന നിലപാട് അറിയിച്ചതോടെ അദ്ദേഹത്തിന് അനുകൂലമായ തീരുമാനമുണ്ടായി. കോങ്ങാട് മണ്ഡലത്തില്‍ പന്തളം സുധാകരനും റാന്നിയില്‍ മറിയാമ്മ ജോര്‍ജിനും കോഴിക്കോട് നോര്‍ത്തില്‍ പി എം സുരേഷ് ബാബുവിനും നാദാപുരത്ത് കെ പ്രവീണ്‍കുമാറിനും കുന്ദമംഗലത്ത് കെ സി അബുവിനും സീറ്റ് നല്‍കാന്‍ തീരുമാനമായി.
Next Story

RELATED STORIES

Share it